കോടിയേരി മുടിയനായ പുത്രനെ സംരക്ഷിക്കുന്നു –കെ. സുധാകരൻ
text_fieldsകണ്ണൂര്‍: സ്വന്തം കുലം മുടിയുമ്പോള്‍ ആ മുടിയുന്നതിന് നേതൃത്വം കൊടുക്കുന്ന മകനെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറും എം.പിയുമായ കെ. സുധാകരന്‍. സ്വര്‍ണ കള്ളക്കടത്ത് ഇടപാടിൽ ആരോപണമുയര്‍ന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക, കെ.എം. ഷാജി എം.എല്‍.എക്കെതിരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് കലക്ടറേറ്റിന് മുന്നില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടിയേരിയുടെ മക്കള്‍ക്ക് എവിടെ നിന്നാണ് ഇത്രയും സമ്പത്ത് ലഭിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ തെറ്റു ചെയ്താല്‍ അതിനെ ന്യായീകരിക്കുന്ന നാണമില്ലാത്ത ഇടതുപക്ഷ കണ്‍വീനര്‍ ഒരു ഭാഗത്തു നില്‍ക്കുമ്പോള്‍ അതിനനുസരിച്ചുള്ള ദുര്‍ബലനായ മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. ഇന്ത്യയിലെ മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സമ്പത്തുകൊണ്ട് പിണറായി വിജയന്‍ വിലക്കെടുത്തിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. യോഗത്തില്‍ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി, വി.കെ. അബ്ദുല്‍ഖാദര്‍ മൗലവി, അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.