‘എല്ലാവരെയും തൃപ്തരാക്കാൻ പറ്റുമോ? എനിക്കും ചെന്നിത്തലയെ പോലെ ആഗ്രഹം ഉണ്ടാവില്ലേ’ -കെ. സുധാകരൻ
text_fieldsകണ്ണൂർ: നിലപാടുകൾ മയപ്പെടുത്തി, വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റുമായ കെ. സുധാകരൻ. ഇത്രയും പെട്ടെന്ന് ഇത്തരം ഒരു തീരുമാനമെടുത്ത് ഐക്യത്തോടുകൂടി പാർട്ടി മുൻപോട്ടു പോകുന്ന കാഴ്ച കോൺഗ്രസ് രാഷ്ട്രീയത്തിൽ ആദ്യത്തെ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിലെ എല്ലാ ജനങ്ങളെയും അത്ഭുതതന്ത്രരാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രമേശ് ചെന്നിത്തല മാറി നിൽക്കുകയാണല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാവരെയും പൂർണമായി തൃപ്തിപ്പെടുത്താൻ പറ്റുമോ എന്നായിരുന്നു സുധാകരന്റെ മറുപോദ്യം.‘എല്ലാ ആളെയും തൃപ്തരാക്കാൻ പറ്റുമോ? അങ്ങനെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എനിക്കും ആഗ്രഹം ഉണ്ടാവില്ലേ. എനിക്കും അങ്ങനെ പറഞ്ഞൂടെ? അതിൽ കാര്യമില്ല. ഇതെല്ലാം ദിവസങ്ങൾ കൊണ്ട് ഓട്ടോമാറ്റിക്കൽ ആയി മാറും. നിങ്ങൾ നോക്കിക്കോളൂ, കോൺഗ്രസിന്റെ അകത്ത് ഒരുതരത്തിലും ഒരു സ്പന്ദനവും ഉണ്ടാവില്ല.
ചെന്നിത്തലയെ അനുയിപ്പിക്കും. അതിന് പാർട്ടിക്ക് ഹൈകമാൻഡ് ഉണ്ട്, നേതാക്കന്മാരുണ്ട്, അവരൊക്കെ വിളിക്കും, സംസാരിക്കും, ഞങ്ങളൊക്കെ കാണും, സംസാരിക്കും. അങ്ങനെയല്ലേ എല്ലാം തീർക്കുക.
ആഭ്യന്തരം ആർക്കാണെന്ന് മേലേന്ന് ഹൈകമാൻഡ് തീരുമാനിക്കണം. അത് ഞങ്ങളല്ല പറയേണ്ടത്. ചെന്നിത്തലക്ക് ഏതെങ്കിലും പ്രധാനപ്പെട്ട വകുപ്പ് കൊടുക്കുമോ എന്നത് ആലോചിക്കണം. എനിക്ക് പറയാൻ പറ്റില്ല. ഞാൻ അതിന്റെ അതോറിറ്റി അല്ല. കെസിയുമായി വ്യക്തിപരമായി നല്ല ബന്ധമാണ്. വർഷങ്ങളായിട്ടുള്ള ബന്ധമാണ്. അത് വെച്ച് ഞങ്ങൾ പോയിരുന്നു. അവിടുന്ന് ഒരു ചായയും കുടിച്ചു. വേറെ ഒന്നും ചെയ്തിട്ടില്ല’ -കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ആരാകണം മുഖ്യമന്ത്രി എന്ന ചർച്ച ആദ്യം ഉടലെടുത്തപ്പോൾ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണം എന്ന് പറഞ്ഞ് സുധാകരൻ വാശി പിടിച്ചിരുന്നു. പിന്നീട് കെസി വേണുഗോപലിനെ മുഖ്യമന്ത്രിയാക്കണം എന്ന് പറഞ്ഞ് ഹൈ കമാൻഡിനെ കണ്ടു. എന്നാൽ, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ നിലപാട് വീണ്ടും മാറ്റി അച്ചടക്കമുള്ള നേതാവായി മാറിയിരിക്കുകയാണ് അദ്ദേഹം. ഹൈകമാൻഡ് എടുക്കുന്ന തീരുമാനത്തിന്റെ കൂടെ ഉറച്ചുനിൽക്കും എന്നാണ് അദ്ദേഹം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

