'നമ്മക്ക് നിലയും വിലയുമൊന്നുമില്ല, അതുകൊണ്ട് ആരും വിളിച്ചിട്ടില്ല'; ഡൽഹിയിലേക്ക് വിളിപ്പിച്ചെന്ന വാർത്തകൾ നിഷേധിച്ച് കെ. സുധാകരൻ
text_fieldsകെ. സുധാകരൻ
ന്യൂഡൽഹി: സ്ഥാനാർഥി നിർണയ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിൽ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. 'ആരാ നിങ്ങളോട് ഇത് പറഞ്ഞത്?. ഒരു ചർച്ചക്കും ആരും വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല. അതുകൊണ്ട് ആരും വിളിച്ചിട്ടില്ല' - എന്നാണ് സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാൽ, കെ. സുധാകരൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കുമെന്ന് കെ. സുധാകരൻ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ എം.പിമാർ മത്സരിക്കേണ്ടതില്ല എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. മത്സരിക്കാൻ സാധിക്കില്ലെന്ന് വന്നതോടെ സുധാകരൻ ഫേസ്ബുക്കിൽ ഒരു വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു.
'കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ. സുധാകരൻ തലയുയർത്തി നില്ക്കും' -എന്ന് ഫേസ്ബുക്ക് കുറിപ്പിൽ സുധാകരൻ വ്യക്തമാക്കി.
അതേസമയം, കെ.സുധാകരന്‍റെ നിലപാടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അതൃപ്തി വ്യക്തമാക്കി. സീറ്റ് നൽകാമെന്ന് ആർക്കും ഉറപ്പുനൽകിയിട്ടില്ല. അത് ഹൈക്കമാൻഡ് തീരുമാനിക്കും. എം.പിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. എം.പിമാർ ദേശീയ തലത്തിൽ പ്രവർത്തിക്കുന്നവരാണ്. അവരെ സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണോ എന്ന് ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

