കെ സ്റ്റോർ പദ്ധതിക്ക് തുടക്കം; രാജ്യത്ത് വിലക്കയറ്റം കുറവുള്ള സംസ്ഥാനം കേരളം -മുഖ്യമന്ത്രി
text_fieldsതൃശൂർ: പൊതുവിതരണ രംഗത്ത് സർക്കാർ ഇടപെടലുകൾ ഫലപ്രദമായതിനാലാണ് രാജ്യത്ത് വിലക്കയറ്റം കുറവുള്ള സംസ്ഥാനമായി കേരളം നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കെ സ്റ്റോർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യചോർച്ച തടയാൻ 10 കോടി രൂപയുടെ പദ്ധതി നടപ്പാക്കി. ജി.പി.എസ് ട്രാക്കിങ് സംവിധാനം 475 വാഹനങ്ങളിൽ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിതരണ സംവിധാനത്തിൽ അളവ് തൂക്ക കൃത്യത ഉറപ്പാക്കാൻ ഇ-പോസ് മെഷിനുകൾ ഇലക്ട്രോണിക് തുലാസുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കെ സ്റ്റോർ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 108 റേഷൻ കടകളാണ് കെ സ്റ്റോറുകളായി മാറുക. ഈ സാമ്പത്തിക വർഷം ആയിരം കെ സ്റ്റോറുകൾ ആരംഭിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജൻ, കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു, മേയർ എം.കെ. വർഗീസ്, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, കെ.കെ. രാമചന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ഭക്ഷ്യ കമീഷണർ ഡോ. ഡി. സജിത് ബാബു, പൊതുവിതരണ ഉപഭോക്തൃകാര്യ സെക്രട്ടറി പി.എം. അലി അസ്ഗർ പാഷ, ഇന്ത്യൻ ഓയിൽ കേരള സി.ജി.എം സൻജിബ് കുമാർ ബെഹ്ര, റേഷനിങ് കൺട്രോളർ കെ. മനോജ്കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

