പി.എം. ശ്രീ: ഈ തരത്തിലെ കീഴടങ്ങൽ നടത്താതിരിക്കുക, അതിലും നല്ലത് ഭരണം ഒഴിഞ്ഞുപോകലാണ്... -സച്ചിദാനന്ദൻ
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ പി.എം. ശ്രീ പദ്ധതിയിൽ എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധം കനക്കുന്നു. സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യകാരനും സാഹിത്യ അക്കാദമി ചെയർമാനുമായ കെ. സച്ചിദാനന്ദൻ രംഗത്തെത്തി. ഈ തരത്തിലുള്ള കീഴടങ്ങൽ നടത്താതിരിക്കണമെന്നും അതിലും നല്ലത് ഭരണം ഒഴിഞ്ഞുപോകുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
പി.എം. ശ്രീ ഫണ്ട് സ്വീകരിക്കുക എന്നാൽ അർത്ഥം കേന്ദ്ര സർക്കാറിന്‍റെ പദ്ധതികൾക്ക്, പ്രത്യേകിച്ചും വിദ്യാഭ്യാസത്തിൽ അവർ നടത്താൻ പോകുന്ന മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും അനുകൂലമായി നിൽക്കുകയും അതിന് അനുകൂലമായി അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക തന്നെയാണ്. പക്ഷേ സാമ്പത്തിക പ്രതിസന്ധിയിൽ പോലും ആ തരത്തിലുള്ള കീഴടങ്ങൽ നടത്താതിരിക്കുക. അതിലും നല്ലത് ഭരണം ഒഴിഞ്ഞുപോകുക. ഇതാണ് ആത്മാഭിമാനമുള്ള സർക്കാർ ചെയ്യേണ്ടത് എന്നാണ് എന്‍റെ അഭിപ്രായം -അദ്ദേഹം നിലപാട് വ്യക്തമാക്കി.
ഇത് ഒരു ഇടതുപക്ഷ പ്രസ്ഥാനവും നടത്തിക്കൂടാ എന്ന ഉറച്ച അഭിപ്രായമാണ് എനിക്ക് ഉണ്ടായിരുന്നതും ഉള്ളതും ഉണ്ടാകാൻ പോകുന്നതും. മമതയും സ്റ്റാലിനും പോലും.... അവരുടെ പല കാര്യങ്ങളോടും ഞാൻ യോജിക്കുന്നില്ല, അവർ പോലും കാണിച്ച ധീരത കാണിക്കാൻ കഴിയുന്നില്ലെങ്കിൽ അതിലെന്തോ വലിയ അപാകതയുണ്ട് എന്ന് എനിക്ക് സംശയമുണ്ട്... -സച്ചിദാനന്ദൻ വിമർശിച്ചു.
ഇടതുനയം മാത്രം നടപ്പാക്കുന്ന സർക്കാരല്ലിത് -എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയുടെ ധാരണാപത്രത്തിൽ സംസ്ഥാന സർക്കാർ ഒപ്പിട്ട വിഷയത്തിൽ സി.പി.ഐയുമായി ചർച്ച നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പി.എം ശ്രീ പദ്ധതിയുടെ നിബന്ധനങ്ങൾക്ക് തങ്ങളും എതിരാണ്. കരാർ ഒപ്പിട്ടത് ഭരണപരമായ വിഷയമാണ്. ഇടതുനയം മാത്രം നടപ്പാക്കുന്ന സർക്കാരല്ലിത്. ഇടതുസർക്കാറിന് പരിമിതികളുണ്ട്. ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളെല്ലാം പ്രാവർത്തികമാക്കാനാവില്ല.
സി.പി.ഐ ഉന്നയിച്ച ആശങ്ക മുഖവിലക്കെടുക്കുന്നു. ഇടതുമുന്നണിചർച്ച ചെയ്ത് കൃത്യതയോടെ തീരുമാനമെടുക്കും. പി.എം ശ്രീ പദ്ധതിയുടെ ഭാഗമായി തരുന്നത് മോദിയുടെ പണമല്ല. കേന്ദ്ര പദ്ധതികളിൽ കേരളത്തിന് അർഹതപ്പെട്ട വിഹിതം തരണം. പദ്ധതിയുടെ നിബന്ധനകൾ വരട്ടെ, എങ്ങനെ ബാധിക്കുന്നെന്ന് പരിശോധിക്കാം. കേന്ദ്രത്തിന്‍റെ ആശയമൊന്നും ഇവിടെ നടപ്പാക്കില്ല. സർക്കാറിന്‍റെ ഭാഗത്തുനിന്ന് നോക്കുമ്പോൾ പണം കിട്ടണം. എന്നാൽ, കേന്ദ്ര നിലപാട് നടപ്പാക്കാനും കഴിയില്ല. ഈ ഘട്ടം എങ്ങനെ പരിഹരിക്കാനാകുമെന്ന് ചർച്ചചെയ്യും. കടുംപിടിത്തംകൊണ്ട് കാര്യമില്ല. ഇത്തരം എല്ലാ പദ്ധതികളെക്കുറിച്ചും സി.പിഎമ്മും എൽ.ഡി.എഫും ചർച്ച ചെയ്തിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
പി.എം ശ്രീ ധാരണാപത്രം ഒക്ടോബർ 16നുതന്നെ തയാറാക്കി
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാനുള്ള ധാരണാപത്രം ഒക്ടോബർ 16നുതന്നെ തയാറാക്കിയെന്ന് രേഖകൾ. വ്യാഴാഴ്ച ഡൽഹിയിൽ എത്തി പൊതുവിദ്യാഭ്യാസ സെക്രട്ടറി ഒപ്പിട്ട് കൈമാറിയ ധാരണാപത്രത്തിന്‍റെ തുടക്കത്തിൽതന്നെ ധാരണാപത്രം തയാറാക്കിയതും നടപ്പാക്കുന്നതും ഒക്ടോബർ 16ന് ന്യൂഡൽഹിയിലാണെന്ന് പറയുന്നു. കഴിഞ്ഞ 22ന് നടന്ന മന്ത്രിസഭ യോഗത്തിൽ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ തീരുമാനമുണ്ടോ എന്ന് മന്ത്രി കെ. രാജൻ ചോദിച്ചിട്ടും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോ മറുപടി പറഞ്ഞില്ല. ഇതിനുശേഷം തൊട്ടടുത്ത ദിവസം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയെ ഡൽഹിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലയച്ച് ധാരണാപത്രത്തിൽ ഒപ്പിടുവിച്ച് കൈമാറുകയായിരുന്നു.
കേന്ദ്ര സർക്കാറിനുവേണ്ടി വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറി ധീരജ് സാഹുവാണ് ഒപ്പിട്ടത്. സംസ്ഥാന പൊതുവിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറി ഡോ. എസ്. ചിത്ര, എസ്.എസ്.കെ സംസ്ഥാന ഡയറക്ടർ ഡോ. എ.ആർ. സുപ്രിയ എന്നിവർ സംസ്ഥാനത്തിന്‍റെ ഭാഗത്തുനിന്ന് സാക്ഷികളായി ഒപ്പിട്ടു. ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) പൂർണാർഥത്തിൽ നടപ്പാക്കണമെന്ന് ധാരണാപത്രത്തിലെ ഒന്നാമത്തെ വ്യവസ്ഥയായി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളുടെ പേരിന് മുന്നിൽ പി.എം ശ്രീ എന്ന് ചേർക്കണം. പിന്നീട് പേര് മാറ്റാൻ പാടില്ല എന്നീ വ്യവസ്ഥകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

