‘ദഹിക്കാൻ കഴിയാത്ത കാപ്സ്യൂളുകൾ നൽകി സമയം കളയരുത്’; മന്ത്രി വീണക്ക് മറുപടിയുമായി കെ.എസ്. ശബരിനാഥൻ
text_fieldsകോഴിക്കോട്: യു.ഡി.എഫ് സർക്കാറിന്‍റെ കാലത്തെ കേരളത്തിലെ ആരോഗ്യ മേഖലയെ എൽ.ഡി.എഫ് സർക്കാറിന്‍റേതുമായി താരതമ്യം ചെയ്തുള്ള മന്ത്രി വീണ ജോർജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.എസ്. ശബരിനാഥൻ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ദുരവസ്ഥക്ക് കാരണം ആരോഗ്യ മന്ത്രിയാണെ് ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
മരുന്നും കാപ്സ്യൂളും യഥാസമയം ആശുപത്രിയിൽ എത്തിക്കണമെന്നും അല്ലാതെ ദഹിക്കാൻ കഴിയാത്ത വ്യാജ കാപ്സ്യൂളുകൾ സഹപ്രവർത്തകർക്ക് നൽകി മന്ത്രി വിലപ്പെട്ട സമയം കളയരുതെന്നും ശബരിനാഥൻ എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.
കെ.എസ്. ശബരിനാഥന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് എഴുതിയ പോസ്റ്റ് കണ്ടു. UDF കാലത്തെ പൂജ്യത്തിൽ നിന്നും LDF ആരോഗ്യരംഗത്ത് കുറെയേറെ മുന്നോട്ടു പോയി എന്നുള്ള ചില കണക്കുകൾ അവർ ഉദ്ധരിച്ചു. കുറച്ചു കാലം മന്ത്രി തന്നെ ഉന്നയിച്ച ആരോഗ്യപരിപാലനം, മാതൃ-ശിശു ആരോഗ്യം തുടങ്ങിയ ചില മേഖലകളിൽ ചെറിയരീതിയിൽ പ്രവർത്തിച്ചത് കൊണ്ട് ഈ കണക്കുകളുടെ പൊള്ളത്തരങ്ങൾ പറയാതിരിക്കാൻ വയ്യ
1. കേരളത്തിന്റെ മാതൃനിരണനിരക്ക്, ശിശുമരണനിരക്ക്, നവജാതുശിശുമരണനിരക്ക് എത്രയോ കാലമായി യൂറോപ്യൻ രാജ്യങ്ങകൾക്ക് തുല്യമാണ്. ഞാൻ 2011-2015 കാലഘട്ടത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുമ്പോൾ പ്രധാന ചർച്ചവിഷയം കേരളത്തിന്റെ അന്താരാഷ്ട്ര മാതൃകയായിരുന്നു. കേരളത്തിൽ മാത്രമല്ല ഈ നിരക്കുകൾ കഴിഞ്ഞ വർഷങ്ങളിൽ കുറഞ്ഞത്. കുറച്ചു കണക്കുകൾ പരിശോധിക്കാം
-ഇന്ത്യയുടെ മാതൃമരണ നിരക്ക് (MMR) 2015 ൽ 130 ആയിരുന്നുവെങ്കിൽ ഇന്ന് 90 ആയി. ഇന്ത്യയുടെ കണക്കുകൾ നോക്കുമ്പോൾ തന്നെ മാതൃമരണനിരക്ക് കഴിഞ്ഞ 33 വർഷത്തിൽ ഏകദേശം 86% കുറഞ്ഞു.
-ഏറ്റവും മോശപ്പെട്ട നിരക്കുള്ള ആസാമിന്റെ MMR 237 (2015) നിന്ന് 2023ൽ 200 എത്തി. തെലുങ്കാനയുടെ MMR 81 നിന്ന് 50കളിൽ എത്തി
-കേരളത്തിന്റെ MMR 43ൽ നിന്ന് 19 എന്ന നിലയിൽ എത്തി. ചുരുക്കിപറഞ്ഞാൽ കേരളം ഈ നിരക്കിൽ എത്രയോ വർഷമായി മുന്നിലാണ്,സ്വീഡൻ തുടങ്ങിയ രാജ്യങ്ങളെക്കാൾ മുകളിലാണ്. നമ്മൾ അതു നിലനിർത്തുന്നു. അല്ലാതെ വീണ ജോർജ് മന്ത്രിയായപ്പോൾ തുടങ്ങിയതല്ല.
2. ഇതിന് സമാനമാണ് ശിശുമരണനിരക്ക് (IMR), നവജാതശിശുമരണനിരക്ക്(NMR).ഈ കണക്കുകളിലും കേരളം യൂറോപ്യൻ രാജ്യങ്ങളെപ്പോലെ വർഷങ്ങളായി മുന്നിലാണ് . പിന്നെ ഈ കണക്കുകൾക്ക് ക്രെഡിറ്റ് കൊടുക്കണമെങ്കിൽ മഴയത്തും വെയിലത്തും കോവിഡ് സമയത്തും വീട്ടിൽ വന്നു മരുന്നും പ്രതിരോധകുത്തിവെപ്പും നടത്തുന്ന ആശാ വർക്കറുമാർക്ക് ആദ്യം ക്രെഡിറ്റ് നൽകണം. അവരുടെ കരങ്ങളിലാണ് കേരളത്തിന്റെ ഒന്നാം റാങ്ക് നിലനിൽക്കുന്നത്!
3. പിന്നെ ഏറ്റവും വലിയ കോമഡി മന്ത്രി ചില പദ്ധതികളിൽ UDF പൂജ്യം എന്നു പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഇടതു സർക്കാർ 2017ൽ പേര് മാറ്റി കുടുംബാരോഗ്യ കേന്ദ്രമെന്നും ജനകീയ ആരോഗ്യകേന്ദ്രമെന്നും പേര് മാറ്റുമ്പോൾ സ്വഭാവികമായി യുഡിഫ് കാലത്ത് കണക്ക് പൂജ്യമാകുമല്ലോ ! യുഡിഫ് കാലത്ത് തതുല്യമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ടെന്നുള്ളത് മറച്ചുവച്ചാണ് ഈ കള്ളകണക്ക്.
4. ഇനി നിങ്ങൾ പറയുന്ന ഡയാലിസിസ് കേന്ദ്രങ്ങൾ,അർബൻ സെന്ററുകൾ എല്ലാം കാലത്തിന്റെ മാറ്റങ്ങളാണ്.ഈ കാലഘട്ടത്തിന്റെ ആവശ്യം നടപ്പിലാക്കി, നല്ല കാര്യം.യുഡിഫ് സർക്കാരിന്റെ കാലത്തും ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു
5. യുഡിഫ് ഭരണകാലത്ത് ആരംഭിച്ച കാരുണ്യ പദ്ധതിയുടെ ഗുണഗണങ്ങൾ കേരള കോൺഗ്രസ് (മാണി) വിഭാഗത്തോട് ചോദിച്ചാൽമതി. 2011-16 കാലത്ത് ലക്ഷക്കണക്കിന് എത്രയോ മലയാളികൾക്ക് നേരിട്ട് സർജറിക്കു മുമ്പും പിമ്പും സാമ്പത്തിക സഹായം എത്തിയിട്ടുണ്ട്. എന്നാൽ എൽഡിഎഫ് വന്ന് യുഡിഎഫ് ഭരണകാലത്തെ പദ്ധതികളെ അട്ടിമറിച്ചു ഇൻഷുറൻസ് സ്കീം ആക്കിയപ്പോൾ ബുദ്ധിമുട്ടുകൾ വർദ്ധിച്ചു.
6. നിയമസഭാ രേഖപ്രകാരം KASP പദ്ധതിയിൽ 1500 കോടി രൂപ കുടിശ്ശിക നൽകാനുണ്ട്. ഇതിൽ 1203 കോടി സർക്കാർ ആശുപത്രികൾക്ക് നൽകാനുള്ള തുകയാണ്.(23/01/2025 unstared question 211)
ഈ തുക നൽകാത്തതുകൊണ്ട് പാവപെട്ടവർക്ക് ചികിത്സസൗകര്യങ്ങൾ കുറയുന്നു. ഇതു തന്നെയാണ് ഡോക്ടർ ഹാരിസ് ഫേസ്ബുക്കിൽ കുറിച്ചതിന്റെ ഇതിവൃത്തം.
അതുപോലെ മരുന്ന് കമ്പനികൾക്ക് 693 കോടി
രൂപ കുടിശ്ശിക നൽകാനുണ്ട്. (23/01/2025 unstared question 164)
ഇതുകാരണം മരുന്നുകൾ സർക്കാർആശുപത്രിയിൽ ലഭ്യമല്ല. പാവങ്ങൾ കടം വാങ്ങിച്ചുകൊണ്ട് മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വാങ്ങുന്നു
7. മന്ത്രി പറയാത്ത ഒരു ദേശിയ കണക്ക് കൂടി പറയാം. National Health Accounts (NHA) ഡാറ്റാ പ്രകാരം ഏറ്റവുംകൂടുതൽ out-of-pocket expenditure (OOPE) ,അതായത് ഏറ്റവും കൂടുതൽ പണം സ്വന്തം കീശയിൽ നിന്ന് ചികിത്സക്ക് ചിലവാക്കുന്നതിന്റെ റെക്കോർഡ് കേരളത്തിലാണ്. നമ്മുടെ OOPE ₹7,889 per person ആണ്. സർക്കാർ സൗകര്യം ലഭിക്കാതെയാകുമ്പോൾ പാവങ്ങൾ കടം വാങ്ങിച്ചു സ്വകാര്യ ആശുപത്രിയിൽ പോകുന്നത് കൊണ്ടാണ് ഈ വൻ വർധനവ്.
8. ഒരു കാര്യം കൂടി പറഞ്ഞു നിർത്താം. തിരുവനന്തപുരം നഗരത്തിലെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് എല്ലാ അനുമതിയും ഉമ്മൻ ചാണ്ടി സർക്കാരിന്റ കാലത്ത് ലഭിച്ചു. നൂറോളം വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസിൽ പഠിക്കാനുള്ള ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളേജിന് MCI അനുമതി ലഭിച്ചു. ഈ പദ്ധതി LDF അട്ടിമറിച്ചു. എന്നിട്ട് തിരുവനന്തപുരം ജനറൽ ആശുപത്രിയെ 500 കോടി രൂപ ഉപയോഗിച്ച് മികച്ചതാകും എന്നു പറഞ്ഞിട്ട് വർഷം എത്രയായി ? ഇപ്പോൾ അറിയുന്നത് പഴയ ബജറ്റിന്റെ നാലിലൊന്ന് പോലും ചിലവാക്കാൻ കഴിയാത്ത ഒരു ബിൽഡിംഗ് നിർമിക്കാൻ പോകുന്നുവെന്ന് ! തിരുവനന്തപുരത്തിന്റെ ഈ ദുരവസ്ഥയുടെ കാരണവും നിങ്ങൾ തന്നെയാണ്.
ബഹുമാനപെട്ട മന്ത്രിയോട് ഒരു അഭ്യർത്ഥന മാത്രം - ആശുപത്രിയിൽ യഥാസമയം മരുന്നും ക്യാപ്സുളും എത്തിക്കണം, അല്ലാതെ ദഹിക്കാൻ കഴിയാത്ത ചില വ്യാജ ക്യാപ്സുളുകൾ സഹപ്രവർത്തകർക്ക് നൽകി അങ്ങയുടെ വിലപ്പെട്ട സമയം കളയരുത്.
യു.ഡി.ഫിന്‍റെ പൂജ്യങ്ങളില്‍ നിന്നും മോശം ആരോഗ്യ സൂചകങ്ങളിൽ നിന്നും കേരളത്തിന്‍റെ ആരോഗ്യ മേഖലയെ എൽ.ഡി.എഫ് എങ്ങനെ മികച്ചതാക്കിയെന്ന് മനസിലാക്കാന്‍ ഒരു കമീഷന്‍ വച്ച് പഠിക്കുന്നത് നല്ലതാണെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ, യു.ഡി.എഫ് സർക്കാറിന്‍റെ 2015-16 കാലവും എൽ.ഡി.എഫ് സർക്കാറിന്‍റെ 2024-25 കാലവും താരതമ്യം ചെയ്തുള്ള വിവരങ്ങളും എഫ്.ബി പോസ്റ്റിൽ മന്ത്രി ഉൾപ്പെടുത്തുകയും ചെയ്തു.
മന്ത്രി വീണ ജോർജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
യുഡിഫിന്‍റെ പൂജ്യങ്ങളില്‍ നിന്നും മോശം ആരോഗ്യ സൂചകങ്ങളിൽ നിന്നും കേരളത്തിന്‍റെ ആരോഗ്യ മേഖലയെ എൽ ഡി എഫ് എങ്ങനെ മികച്ചതാക്കിയെന്ന് മനസിലാക്കാന്‍ ഒരു കമ്മീഷന്‍ വച്ച് പഠിക്കുന്നത് നല്ലതാണ്.
LDF, UDF കാലത്തെ ചില വസ്തുതകൾ നമുക്ക് ഒന്ന് പരിശോധിക്കാം .
മാതൃമരണ നിരക്ക് ( ഒരു ലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ മരിക്കുന്ന അമ്മമാരുടെ എണ്ണം)
2015-16 - 43
2024-25 - 19
ശിശു മരണനിരക്ക് (ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളിൽ ഒരു വയസ്സിനുള്ളിൽ മരിക്കുന്നവരുടെ എണ്ണം )
2015-16 - 12
2024-25 - 6
നവജാതശിശു മരണനിരക്ക് (1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോഴുള്ള കണക്കെടുക്കുമ്പോൾ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം )
2015-16 - 6
2024-25 - 4
സൗജന്യ ചികിത്സാ പദ്ധതി
യുഡിഎഫ് -ഒരു വര്‍ഷം 30,000 (per family)
എല്‍ഡിഎഫ് -ഒരു വര്‍ഷം,5 ലക്ഷം(per family)
ഒരു വര്‍ഷം സൗജന്യ ചികിത്സയ്ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് ശരാശരി എത്ര രൂപ?
എല്‍ഡിഎഫ്
2024-25 1498.5 കോടി
2021-22ല്‍ 1424.46 കോടി
2022-23ല്‍ 1478.38 കോടി
യുഡിഎഫ്
2011-12ല്‍ 139 കോടി
2012-13ല്‍ 181 കോടി
2013-14ല്‍ 108.49 കോടി
2014-15ല്‍ 121 കോടി
2015-16ല്‍ 114 കോടി
സൗജന്യ ചികിത്സാ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍
എല്‍ഡിഎഫ്—- 42.5 ലക്ഷം
(2024-25)
യുഡിഎഫ്. 28.01 ലക്ഷം
ചികിത്സാ ചെലവില്‍ യുഡിഎഫ് കാലത്ത് നിന്ന് 60 ശതമാനം കുറവുണ്ടായി എന്ന് എന്‍എസ്എസ്ഒ (National Sample Survey report)സര്‍വേ റിപ്പോര്‍ട്ട്.
കുടുംബത്തിന്റെ ചികിത്സാ ചെലവ് NSSO സര്‍വേ റിപ്പോര്‍ട്ട് 2016 പ്രകാരം:
ഗ്രാമീണ മേഖല- 17,054,
നഗര മേഖല 23,123
കുടുംബത്തിന്റെ ചികിത്സാ ചെലവ് NSSO സര്‍വേ റിപ്പോര്‍ട്ട് 2024 പ്രകാരം:
ഗ്രാമീണ മേഖല- 10,929,
നഗര മേഖല 13,140
കരള്‍ മാറ്റിവയ്ക്കല്‍
യുഡിഎഫ് —0
എല്‍ഡിഎഫ് —2022ല്‍ ആരംഭിച്ച് 10 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി. വിജയകരമായി മുന്നോട്ട്
ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ്
യുഡിഎഫ് - 0
എല്‍ഡിഎഫ് - 12
ഡയാലിസിസ്
ആരോഗ്യ വകുപ്പിന് (ഡിഎച്ച്എസ്) കീഴിലുള്ള ആശുപത്രികളുടെ എണ്ണം
യുഡിഎഫ് - 8
എല്‍.ഡി.എഫ്. - 107
(2025 ഡിസംബര്‍ ആകുമ്പോള്‍ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യാഥാർഥ്യമാകും)
· കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
യുഡിഎഫ് - 0
എല്‍ഡിഫ് 885
· ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍
2015-16 - 0
2024-25– 5416
നഗര ജനകീയ ആരോഗ്യ കേന്ദ്രം
2015-16—0
2024–25—-380
ഇഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയ സ്ഥാപനങ്ങളുടെ എണ്ണം
2015-16 — 0
2024-25 —762
സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം
2015-16 — 8.3 കോടി
2024-25 — 13.5 കോടി
കേരളത്തിന്റെ ആരോഗ്യ രംഗം തകര്‍ന്നു എന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ആസൂത്രിതമായ ശ്രമം നടത്തുകയാണ്. ഈ വസ്തുതകളില്‍ നിന്ന് യാഥാര്‍ത്ഥ്യം മനസിലാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

