‘വഖഫ് ബോർഡ് സമ്പൂർണമായി പുനഃസംഘടിപ്പിക്കാനുള്ള സർക്കാർ നീക്കം തടയണം’; കെ.എസ്. ഹംസയും എ.എ. റഹീമും ഹൈകോടതിയിൽ
text_fieldsകെ.എസ്. ഹംസ, എ.എ. റഹീം
കൊച്ചി: വഖഫ് ബോർഡ് സമ്പൂർണ പുനഃസംഘടന നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ചെയർമാൻ കെ.എസ്. ഹംസയും അംഗം എ.എ. റഹീം എം.പിയും ഹൈകോടതിയിൽ.
സർക്കാർ ഉത്തരവിലൂടെ നിയമിച്ച അംഗങ്ങളുടെ എണ്ണം പൂർണമല്ലെന്ന കാരണത്താൽ ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമല്ലെന്ന് വഖഫ് ആക്ടിലെ 17(3) വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഇവർ സത്യവാങ്മൂലം നൽകിയത്.11 അംഗ ബോർഡിലേക്ക് നിയമപ്രകാരം യോഗ്യതയുള്ള ഒമ്പതംഗങ്ങളെ സർക്കാർ ഉത്തരവിലൂടെ നാമനിർദേശം ചെയ്തിരിക്കെ, രണ്ട് അംഗങ്ങളുടെ ഒഴിവ് ശേഷിക്കുന്നുവെന്നത് ബോർഡിനെ അസാധുവാക്കാൻ പര്യാപ്തമല്ല.
ചില അപാകതകളുടെ പേരിലും പ്രവർത്തനം അസാധുവാകില്ല. അതിനാൽ, സമ്പൂർണമായി ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള സർക്കാർ നീക്കം തടയണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളുടെ ഒഴിവ് നികത്താത്തതും ശിയ, ബോറ, അഗഖാനി തുടങ്ങിയ വിഭാഗം പ്രതിനിധികളെ ഉൾപ്പെടുത്താത്തതും ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹരജികളിലെ എതിർകക്ഷികളാണ് ഹംസയും റഹീമും.
കോടതി ഉത്തരവുണ്ടെന്ന പേരിൽ ബോർഡിന്റെ സമ്പൂർണ പുനഃസംഘടനക്ക് സർക്കാർ മുതിരുന്നതായി വഖഫ് ബോർഡും ബന്ധപ്പെട്ട കക്ഷികളും ബുധനാഴ്ച കോടതിയിൽ ആരോപിച്ചു. നിലവിലെ ബോർഡിൽ ഒഴിവുകളുണ്ടെങ്കിൽ അവ നികത്താനുള്ള നടപടി മാത്രമേ കോടതിയുടെ മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കാനാകൂ. ഇതിനെ ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള അനുമതിയായി വ്യാഖ്യാനിക്കാനാവില്ല.
ഒഴിവുകൾ നികത്തുന്നതിന്റെ പേരിൽ നിലവിലെ ബോർഡിനെ പൂർണമായി മാറ്റി, പുതിയത് രൂപവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന് കോടതി ഉത്തരവിനെ മറയാക്കുകയാണ്. അതിനാൽ, കഴിഞ്ഞ ഉത്തരവുകളിലെ നിർദേശത്തിന്റെ ശരിയായ ഉദ്ദേശ്യം സംബന്ധിച്ച് കോടതി വ്യക്തത വരുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
എന്നാൽ, സർക്കാറിന്റെയും മറ്റു കക്ഷികളുടേയും വാദങ്ങളും അവർ നൽകിയ ഉറപ്പുകളും രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ബോർഡ് പ്രവർത്തനക്ഷമമായിരിക്കണമെന്ന നിർദേശം മാത്രമാണ് കോടതി നൽകിയതെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. വിഷയം സുപ്രീംകോടതി പരിഗണനയിലാണ്. അതിനാൽ, ഹരജികളിൽ തീരുമാനമെടുത്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഉത്തരവുകളിൽ കോടതി നിർദേശിച്ച പ്രകാരം പുനഃസംഘടന നടപ്പാക്കുമെന്നും ഇതുസംബന്ധിച്ച വിജ്ഞാപനം വന്ന ശേഷം ഹാജരാക്കാമെന്നും സർക്കാർ അറിയിച്ചു. സർക്കാർ ഉത്തരവ് വന്ന ശേഷം അതിനെ ചോദ്യം ചെയ്യാവുന്നതല്ലേയെന്ന് ഈ ഘട്ടത്തിൽ കോടതി ചോദിച്ചു.
എന്നാൽ, പുതിയ ബോർഡ് നിലവിൽ വരുന്നതോടെ നിലവിലുള്ള ബോർഡിന്റെ ഘടന പൂർണമായി മാറുമെന്നും നിയമം അനുവദിക്കാത്ത നടപടികൾ സർക്കാർ സ്വീകരിക്കുന്നത് തടയണമെന്നും വഖഫ് ബോർഡംഗങ്ങൾ ആവശ്യപ്പെട്ടു. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണം നൽകി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാറിനോട് നിർദേശിച്ച കോടതി, ഹരജി 28ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

