കെ റെയിൽ പദ്ധതി ഉടൻ പിൻവലിക്കണം-വി.എം.സുധീരൻ
text_fields
കോഴിക്കോട് : കേരളത്തെ വൻ കടക്കെണിയിൽ ആക്കുന്നതും ഒരു ലക്ഷത്തോളം ആളുകളെ കുടിയൊഴിപ്പിക്കുന്നതും കേരളത്തിന്റെ പരിസ്ഥിതിയെ ആകെ ബാധിക്കുന്നതുമായ കെ റെയിൽ പദ്ധതി ഉടൻ പിൻവലിക്കണമെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം.സുധീരൻ. കെ റെയിൽ വിരുധ സമര ഐക്യദാർഢ്യ സമിതി രൂപീകരണ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റിയൽ എസ്റ്റേറ്റ് ബിസിനസും കമ്മീഷനുകളുമാണ് ഈ വലിയ പദ്ധതിയുടെ പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. അമ്പലപ്പുഴ ടൗൺഹാളിൽ നടന്ന കൺവൻഷനിൽ കെ റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാ രക്ഷാധികാരി അഡ്വക്കേറ്റ് മാത്യു വേളങ്ങാടൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ മുഖ്യ പ്രസംഗം നടത്തി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പൗര പ്രമുഖരുമായ ജൂണി കുതിരവട്ടം, എസ്. സീതി ലാൽ, ബി. ദിലീപൻ, പാർത്ഥസാരഥി വർമ്മ, ഏ.ജെ. ഷാജഹാൻ, സൗഭാഗ്യകുമാരി, എസ് സുരേഷ് കുമാർ, സോണിച്ചൻ, മുഹമ്മദ് ബഷീർ തുടങ്ങിയവരും കെ-റയിൽ വിരുദ്ധ ജനകീയ സമിതി നേതാക്കളായ കെ.ആർ. ഓമനക്കുട്ടൻ, സിന്ധു ജയിംസ്, ഗീതാകുമാരി, ഫിലിപ്പ് വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.
അഡ്വക്കേറ്റ് ഒ.ഹാരീസ് ചെയർമാനായും ടി. കോശി ജനറൽ കൺവീനറായും ആലപ്പുഴ ജില്ലാ കെ റെയിൽ വിരുധ സമര ഐക്യദാർഢ്യ സമിതിയെ കൺവൻഷൻ തെരഞ്ഞെടുത്തു. കെ റെയിൽ വിരുധ ജനകീയ സമിതി ജില്ലാ ചെയർമാൻ സന്തോഷ് പടനിലം സ്വാഗതവും ടി. വിശ്വകുമാർ കൃജ്ഞതയും പറഞ്ഞു.

