തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ ഡെപ്യൂട്ടി കലക്ടറെ നിയമിച്ചു. അനിൽ ജോസിനെയാണ് ഭൂമി ഏറ്റെടുക്കൽ ഡെപ്യൂട്ടി കലക്ടറായി നിയമിച്ചത്. ഡെപ്യൂട്ടി കലക്ടർക്ക് കീഴിൽ 11 തഹസിൽദാർമാരും ഉണ്ടാകും.
ഏരിയൽ സർവെയിൽ രേഖപ്പെടുത്തിയ ഭൂമിയിൽ കല്ലിട്ട് അതിര് തിരിക്കുന്നത് അടക്കമുള്ള പ്രവൃത്തികളുടെ ചുമതല ഡെപ്യൂട്ടി കലക്ടറും തഹസിൽദാർമാരും അടങ്ങുന്ന സംഘത്തിനാണ്.
എറണാകുളം കേന്ദ്രമാക്കിയാണ് ഡെപ്യൂട്ടി കലക്ടറിന്‍റെ പ്രവർത്തനം. അതിവേഗപാത കടന്നു പോകുന്ന 11 ജില്ലകളിലും സ്പെഷ്യൽ തഹസിൽദാർമാരെ സർക്കാർ നേരത്തെ നിയമിച്ചിരുന്നു.
11 ജില്ലകളിൽ നിന്നായി 1221 ഹെക്ടർ ഭൂമിയാണ് കെ റെയിൽ റെയിൽ പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഭൂമിയേറ്റടുക്കലിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 12 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര സർക്കാറിന്‍റെ അന്തിമ അനുമതി ലഭിച്ച ശേഷം നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം.