കെ-ഫോൺ: പ്രതീക്ഷിച്ച വേഗമില്ലെന്ന് എ.ജി
text_fieldsതിരുവനന്തപുരം: കെ-ഫോൺ പദ്ധതി പ്രതീക്ഷിച്ച വേഗം കൈവരിച്ചില്ലെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) വിമർശനം. ഇക്കാര്യത്തിൽ കെ-ഫോണിനോട് വിശദീകരണവും തേടിയിട്ടുണ്ട്. ബെൽ കൺസോർട്യത്തിന് 109 കോടി മുൻകൂർ അനുവദിച്ചതിൽ പലിശയിനത്തിൽ സർക്കാറിന് 36 കോടിയുടെ നഷ്ടമുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയാണ് അടുത്ത വിമർശനം.
പദ്ധതിയുടെ മെല്ലെപ്പോക്കിനും മോശം പ്രകടനത്തിനും കാരണം കരാർ കമ്പനിയുടെ വീഴ്ചകളാണെന്നും എ.ജി നിരീക്ഷിക്കുന്നു. കെ- ഫോൺ സർക്കാറിന്റേതാണെങ്കിലും സർവിസ് മുഴുവനും സ്വകാര്യ കമ്പനികൾക്കാണ്. സ്വകാര്യ കമ്പനിക്ക് കെ-ഫോൺ നൽകിയിട്ടുള്ളത് വിപുലമായ അധികാരങ്ങളുമാണ്.
പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള പൊതുമേഖല സ്ഥാപനമായ ഭാരത് ഇലട്രോണിക്സ് ഈ വർഷം ജനുവരി 18 ന് നടത്തിയ അവലോകന യോഗത്തിലാണ് വീഴ്ചകൾ എണ്ണിപ്പറയുന്നത്. 2022 ഡിസംബറിൽ കെ- ഫോൺ കൈവരിക്കേണ്ട ലക്ഷ്യങ്ങളൊന്നും നേടാൻ കഴിഞ്ഞിട്ടില്ല. 339 കിലോമീറ്ററിൽ ഇടേണ്ടിയിരുന്ന എ.ഡി.എസ്.എസ് കേബിളിട്ടത് 219 കിലോമീറ്ററിൽ മാത്രമാണ്. വീഴ്ചകൾ പ്രകടമാണെന്നിരിക്കെ വസ്തുതകളും വിവരങ്ങളും ഉൾപ്പെടുത്തി ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നാണ് എ.ജിയുടെ നിർദേശം.
പദ്ധതി നടത്തിപ്പിന് 1351 കോടി രൂപയുടെ കരാറാണ് ഉറപ്പിച്ചത്. ഇതിൽനിന്ന് പത്തുശതമാനം തുക മൊബിലൈസേഷൻ അഡ്വാൻസായി ബെൽ കൺസോർട്യത്തിന് നൽകിയതായിരുന്നു നേരത്തേ എ.ജി 36 കോടിയുടെ നഷ്ടകാരണമായി ചൂണ്ടിക്കാട്ടിയത്. 2013ലെ സ്റ്റോർ പർച്ചേസ് മാന്വലനുസരിച്ച് മൊബിലൈസേഷൻ അഡ്വാൻസ് പലിശയുള്ള തുകയാണ്.
പലിശ ഒഴിവാക്കിനൽകണമെങ്കിൽ, കരാർ നൽകിയ സ്ഥാപനത്തിന്റെ ബോർഡ് യോഗത്തിന്റെ അനുമതി വേണമെന്നാണ് സെൻട്രൽ വിജിലൻസ് കമീഷന്റെ വ്യവസ്ഥ. കെ-ഫോണിന്റെ ടെൻഡറിലാകട്ടെ മൊബിലൈസേഷൻ അഡ്വാൻസിനെക്കുറിച്ച് പറഞ്ഞിരുന്നുമില്ല. തുക ഇതുവരെ തിരിച്ചുപിടിച്ചില്ലെന്നും ജൂൺ എട്ടിന് കെ.എസ്.ടി.ഐ.എല്ലിന് നൽകിയ കത്തിൽ എ.ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൊബിലൈസേഷൻ അഡ്വാൻസ് നൽകുന്നെങ്കിൽ, തുകയുടെ 110 ശതമാനം ബാങ്ക് ഗാരന്റി വേണമെന്ന വിജിലൻസ് കമീഷൻ നിർദേശം പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

