‘എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും, ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍’; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കെ. മുരളീധരന്റെ പഴയ പ്രസംഗം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പഴയ എരണംകെട്ടവൻ’ പ്രസംഗം വീണ്ടും ചർച്ചയാകുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ സമയത്ത് നിപ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കോണ്‍ഗ്രസ് നേതാവ് മുരളീധരന്‍ ഭരണത്തിലുള്ളവരെ പരിഹസിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം.
‘പണ്ടൊരു ചൊല്ലുണ്ട്. എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. നിപ. വവ്വാല്‍ ആണത്രേ നിപ പരത്തുന്നത്. കെ. കരുണാകരനും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് വവ്വാല്‍ ഉണ്ടായില്ലേ നമ്മുടെ നാട്ടില്‍. ഇപ്പോ എന്താണ് നിപ ഉണ്ടാവാന്‍ കാരണം. ഭരിക്കുന്നവന്‍ ശരിയല്ല. അതുകൊണ്ട് തന്നെയാണ്’- ഇതായിരുന്നു കെ. മുരളീധരന്റെ പഴയ പ്രസംഗത്തിലെ വിവാദ പരാമര്‍ശം.
അതേസമയം, കെ. മുരളീധരന്റെ പ്രസംഗത്തെക്കുറിച്ച് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചു. ‘സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ചിരിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നടത്തിയ പ്രസംഗം ഇന്ന് പലരും അയച്ചു തന്നു. അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം. അതിന് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഇടതുപക്ഷസമീപനം.’ എന്നായിരുന്നു വീണാ ജോർജിന്റെ കുറിപ്പ്.
കൂടാതെ, കോഴിക്കോട് മെഡിക്കൽ കോളജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് നിപരോഗം സ്ഥിരീകരിച്ചത്. രോഗിക്ക് കൃത്യമായ ചികിത്സ നൽകുന്നതിനൊപ്പം രോഗവ്യാപനം ഇല്ല എന്നുറപ്പാക്കാനും രോഗപ്രതിരോധത്തിനും നടപടികൾ സ്വീകരിക്കണം. അനുഭവങ്ങങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ശാസ്ത്രീയമായി നാം ചിട്ടപ്പെടുത്തിയ ചികിത്സ പ്രോട്ടോക്കോളും രോഗപ്രതിരോധ ഗൈഡ്‌ലൈനും കേരളത്തിനുണ്ട്. എൻ.ഐ.വി പുണെയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതിനു മുൻപ് തന്നെ നമ്മുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
ഷിഗെല്ല രോഗം സംസ്ഥാനത്ത് പടരുന്ന സാഹചര്യവും അതീവ ഗൗരവത്തോടെ കാണ്ടേണ്ടതുണ്ട്. ആദ്യമായിട്ടാണ് ഇത്രയുമധികം ഷിഗെല്ല കേസുകൾ കേരളത്തിൽ ഉണ്ടാകുന്നത്. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, മറ്റു രോഗങ്ങളുള്ളവർ എന്നിവരിൽ ഷിഗെല്ല ഗുരുതരമാകും. രോഗത്തിന്റെ സാമൂഹിക വ്യാപനം കൂടുതൽ ഉണ്ടാകാതിരിക്കാൻ നടപടികൾ കൈക്കൊള്ളണം. പകർച്ച വ്യാധികൾക്കെതിരെ നമുക്ക് പ്രതിരോധം തീർക്കാമെന്നും 2023 ലെ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ചിത്രം പങ്കുവെച്ച് വീണാ ജോർജ് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

