'സുധാകരന് കരുത്തിന് യാതൊരു കുറവുമില്ല, നേതൃമാറ്റം ഇപ്പോൾ ആവശ്യമില്ല'; പിന്തുണച്ച് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ പിന്തുണച്ച് കെ. മുരളീധരന്‍. പാര്‍ട്ടിയെ നയിക്കാന്‍ കരുത്തന്മാര്‍ വേണം. കെ. സുധാകരന് കരുത്തിന് യാതൊരു കുറവുമില്ല. സുധാകരന്‍ മാറണമെന്ന് ഞങ്ങള്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ നേതൃമാറ്റം നല്ലതല്ലെന്നാണ് അഭിപ്രായമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
പിണറായിയെ താഴെയിറക്കുക എന്നതാണ് യു.ഡി.എഫിന്‍റെ ലക്ഷ്യം. അതിന്‍റെ ഇടക്ക് മറ്റ് ചർച്ചകൾ കൊണ്ടുവരുന്നത് നല്ലതല്ല. എപ്പോഴും നേതൃമാറ്റ ചര്‍ച്ച നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമല്ല. ആവേശത്തോടെ യു.ഡി.എഫ് മുന്നോട്ട് പോകുമ്പോള്‍ ഇത്തരം വാര്‍ത്ത വരുന്നത് ഗുണകരമല്ല. ഇക്കാര്യത്തിലെല്ലാം അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ഹൈക്കമാന്‍ഡിന് മുന്നില്‍ കത്തോലിക്കാ സഭ അധ്യക്ഷന്മാരായി പരിഗണിക്കേണ്ടവരുടെ പേരുകള്‍ നിര്‍ദേശിച്ചെന്ന വാർത്തകൾ മുരളീധരൻ തള്ളി. പാര്‍ട്ടി ആഭ്യന്തര കാര്യങ്ങളില്‍ ഒരു സമുദായവും ഇടപെട്ടിട്ടില്ല. സമുദായങ്ങളെ ഇതിലേക്ക് വലിച്ചിഴക്കരുത്. ഏതെങ്കിലും സമുദായം ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. ഇതെല്ലാം പാര്‍ട്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും.
പാർട്ടിയിൽ അഴിച്ചുപണി വേണമെന്നാണെങ്കിൽ അതിന് നേതൃമാറ്റം ആവശ്യമില്ലല്ലോ. നിലവിലെ സംവിധാനത്തെ ഒന്നുകൂടി കാര്യക്ഷമമാക്കുകയാണ് വേണ്ടത് -മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

