രാഹുലിന്റെ വിഷയത്തില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാർ, പുകമറ കാണിച്ച് തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് കരുതേണ്ട -കെ. മുരളീധരന്‍
text_fieldsതിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാറാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സര്‍ക്കാറിന് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാനുള്ള സാഹചര്യമുണ്ട്. നടപടിയെടുത്താല്‍ പാര്‍ട്ടിയും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കും. ശബ്ദരേഖയല്ല, നടപടിയാണ് വേണ്ടത്. വിഷയം പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണം. വിഷയത്തില്‍ പൊലീസ് ഇടപെട്ടാല്‍ മാത്രമേ രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനെ പറ്റി ചിന്തിക്കൂവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
“ഇപ്പോള്‍ പാര്‍ട്ടിയിലില്ലാത്ത ആളിനെതിരെ കൂടുതല്‍ നടപടിക്ക് പോകണമെങ്കില്‍ സര്‍ക്കാറിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുള്ള നടപടിയുണ്ടാകണം. ഇതുവരെയും രാഹുലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതിനായുള്ള നടപടി ഉണ്ടായിട്ടില്ല. അത്തരമൊരു പുകമറ കാണിച്ച് തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് ബി.ജെ.പിയും സി.പി.എമ്മും കരുതേണ്ട. തെളിവുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കട്ടെ” ആരോപണങ്ങള്‍ ഉയർന്നിട്ടും പൊതുവേദികളില്‍ രാഹുല്‍ സജീവമാകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുരളീധരൻ പറഞ്ഞു.
പാലക്കാട് എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിന് ശക്തിപകരുന്ന കൂടുതല്‍ ശബ്ദസന്ദേശങ്ങളും ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും തിങ്കളാഴ്ച പുറത്തുവന്നിരുന്നു. യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രീതിയിലുള്ള സന്ദേശമാണ് പുറത്തുവന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും കൂടുതല്‍ വിശദീകരണങ്ങള്‍ അതുകഴിഞ്ഞാവാമെന്നും പ്രതികരിച്ച രാഹുല്‍ സന്ദേശം തന്റേതാണോ എന്ന ചോദ്യത്തിന് മറുപടി നൽകിയിട്ടില്ല.
കഴിഞ്ഞ മൂന്നുമാസമായി ഒരേകാര്യംതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പുതുതായിട്ട് ഒന്നും പുറത്തുവന്ന സന്ദേശത്തിൽ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നടക്കട്ടെ, ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. 'അതിൽ എന്തിരിക്കുന്നു?' എന്നായിരുന്നു പുറത്തുവന്ന ശബ്ദസന്ദേശം സംബന്ധിച്ച ചോദ്യത്തോടുള്ള രാഹുലിന്റെ മറുചോദ്യം. സമയമാകുമ്പോൾ താൻ തന്റെ നിരപരാധിത്യം കോടതിയിൽ തെളിയിക്കുമെന്നും രാഹുൽ പറഞ്ഞു. പുറത്തുവന്ന ശബ്ദസന്ദേശം നിഷേധിക്കാനോ അതിൽ വ്യക്തത വരുത്താനോ ഉള്ള ശ്രമം രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

