ജോൺ ബ്രിട്ടാസ് മോദിക്കും പിണറായിക്കുമിടയിലുള്ള പാലമെന്ന് കെ. മുരളീധരൻ
text_fieldsന്യൂഡൽഹി: ജോൺ ബ്രിട്ടാസ് മോദിക്കും പിണറായിക്കുമിടയിലുള്ള പാലമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കേരളത്തിൽ ബി.ജെ.പി-സി.പി.എം സഖ്യമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കാണാനാവുന്നതെന്നും മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്തെ കണക്കുകൾ പരിശോധിച്ചാൽ 500ഓളം സീറ്റുകളിൽ ബി.ജെ.പിക്ക് സ്ഥാനാർഥികളില്ല. ഏറ്റവും കരുത്തരെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് ബി.ജെ.പിക്ക് 50 ഇടങ്ങളിൽ സ്ഥാനാർഥികളില്ല. ഇതെല്ലാം അഡ്ജസ്റ്റ്മെന്റാണ്.
മാർക്സിസ്റ്റ് പാർട്ടിയുടെ കരുത്തരായ സ്ഥാനാർഥികൾ ഉള്ളിടത്തെല്ലാം ബി.ജെ.പി ദുർബല സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത്. മറിച്ചും അങ്ങിനെയാണ്. ഇത് വളരെ ക്ളിയറാണ്, ബ്രിട്ടാസ് തന്നെയാണ് മോദിയും പിണറായിയും തമ്മിലുള്ള ചർച്ചകൾക്ക് ഇടനിലക്കാരനായി നിൽക്കുന്നത്.
പിണറായി ഡെൽഹിയിൽ വരുമ്പോൾ ബ്രിട്ടാസാണ് അപ്പോയിന്റ്മെൻറ് ഉൾപ്പെടെ ശരിയാക്കി നൽകുന്നതെന്നും മുരളീധരൻ പറഞ്ഞു. പല കാര്യങ്ങളിലും മോദിയുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് ബ്രിട്ടാസാണ്.
കഴിഞ്ഞ ഒക്ടോബർ 10ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയപ്പോഴും ഇടനിലക്കാരൻ ബ്രിട്ടാസായിരുന്നു. ഈ ചർച്ചയിലാണ് പി.എം ശ്രീയിൽ ഒപ്പുവെക്കാൻ തീരുമാനിച്ചത്. പത്തിന് മുഖ്യമന്ത്രി ഡൽഹിയിലെത്തി ഇരുവരെയും കണ്ടതിന് പിന്നാലെ, 16-ാം തീയതിയാണ് ഉദ്യോഗസ്ഥർ പദ്ധതിക്കായി ഒപ്പുവെച്ചതെന്നും മുരളീധരൻ പറഞ്ഞു. 18ന് മന്ത്രി രാജൻ വിഷയം കാബിനറ്റിൽ ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി കൈമലർത്തിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കേന്ദ്രം നടപ്പാക്കിയ പുതിയ വിദ്യാഭ്യാസ നവീകരണ പദ്ധതി ‘പി.എം ശ്രീ’യിൽ ഒപ്പുവെക്കുന്നതിന് കേരളത്തിനും കേന്ദ്രത്തിനുമിടയിൽ മധ്യസ്ഥനായി നിന്നത് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് ആണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു. സർക്കാറുകൾക്കിടയിൽ പാലമായി നിന്നതിന് തന്റെ അടുത്ത സുഹൃത്തായ ജോൺ ബ്രിട്ടാസിനോട് വളരെയേറെ നന്ദിയുണ്ടെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു. രാജ്യസഭയിൽ ചോദ്യോത്തര വേളയിലായിരുന്നു വെളിപ്പെടുത്തൽ.
ഗംഭീര പ്രസംഗ ശൈലിയിലൂടെ സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് ജോൺ ബ്രിട്ടാസ് നോക്കിയതെന്ന് പറഞ്ഞാണ് മന്ത്രി ധർമേന്ദ്ര പ്രധാൻ തുടങ്ങിയത്. ദേശീയ വിദ്യാഭ്യാസ നയം, സമഗ്ര ശിക്ഷ, പി.എം ശ്രീ എന്നിവ സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ മാത്രമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ബ്രിട്ടാസിന്റെ മധ്യസ്ഥത്തെ തുടർന്ന് ഒരുഘട്ടത്തിൽ കേരള സർക്കാർ പി.എം ശ്രീ ധാരണപത്രത്തിൽ ഒപ്പുവെക്കാമെന്ന് സമ്മതിച്ചതായിരുന്നുവെന്നും മന്ത്രി തുടർന്നു.
അതിനുശേഷം അവർക്ക് മേലുണ്ടായ സമ്മർദമെന്താണെന്ന് തനിക്കറിയില്ല. ഇത് അവർക്കിടയിൽ തന്നെയുണ്ടായ ആശയക്കുഴപ്പമാണ്. അവർക്കിടയിലുള്ള ആഭ്യന്തര വൈരുധ്യം മൂലമാണ് ഇപ്പോൾ പി.എം ശ്രീ നടപ്പാക്കാത്തത്. സഖ്യകക്ഷിയിൽനിന്നും നിങ്ങൾക്ക് വല്ല സമ്മർദവും കാണുമെന്നും അതിന്റെ ഭാരം കേരളത്തിലെ ജനങ്ങൾക്ക് മുകളിൽ കയറ്റിവെക്കുന്നതെന്തിനാണെന്നും ധർമേന്ദ്ര പ്രധാൻ ബ്രിട്ടാസിനോടായി ചോദിച്ചു. പ്രശ്നം തീർത്ത് തുക വാങ്ങിക്കൊണ്ടുപോകുകയാണ് വേണ്ടത്. കേരളത്തിന് കൊടുക്കാനുള്ള 452 കോടി രൂപ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്ന ഉപാധിയോടെ വിട്ടുകൊടുക്കാൻ തങ്ങൾ ഇപ്പോഴും തയാറാണെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
സമഗ്ര ശിക്ഷ പദ്ധതി 2018ൽ കേന്ദ്രവും സംസ്ഥാനവും 60:40 ഫോർമുലയിൽ സഹകരിച്ച് തുടങ്ങിയതാണെന്നും അതിനുശേഷം 2020ൽ തുടങ്ങിയ ദേശീയ വിദ്യാഭ്യാസ നയവുമായും 2022ൽ തുടങ്ങിയ പി.എം ശ്രീയുമായും ബന്ധിപ്പിച്ച് കേരളത്തിനും ബി.ജെ.പി ഇതര സംസ്ഥാനങ്ങൾക്കുമുള്ള ഫണ്ട് തടയുകയാണെന്നും ചോദ്യവേളയിൽ ജോൺ ബ്രിട്ടാസ് പറഞ്ഞു. 2020-2023 വർഷം 348 കോടി അനുവദിച്ചതിൽ 178 കോടിയും 2023- 24 വർഷം 343 കോടി അനുവദിച്ചതിൽ 141 കോടിയും 2024-25 വർഷം 428 കോടി അനുവദിച്ചതിൽ വട്ടപ്പൂജ്യവും 2025-26 വർഷം 552 കോടി രൂപ അനുവദിച്ചതിൽ 92.41 കോടി രൂപയും മാത്രമാണ് കേരളത്തിന് നൽകിയതെന്ന് ബ്രിട്ടാസ് പറഞ്ഞു. പി.എം ശ്രീ സംബന്ധിച്ച് പ്രധാനോടുള്ള ബ്രിട്ടാസിന്റ ചോദ്യം നീണ്ടുപോയപ്പോൾ ചോദ്യത്തിന് പകരം വലിയ പ്രസംഗം നടത്തരുതെന്നും അങ്ങനെയെങ്കിൽ മാത്രമേ മറ്റുള്ളവർക്കും ചോദിക്കാൻ സമയം കിട്ടൂവെന്നും രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ റൂളിങ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

