ശബരിമല സ്വർണക്കൊള്ള: എസ്.ഐ.ടി അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല, അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടി നടത്തുന്ന അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. എൽ.ഡി.എഫ് സർക്കാറിന്റെ കാലഘട്ടത്തിൽ ശബരിമലയിലെ എല്ലാ ഭരണസമിതിയും അന്വേഷണത്തിന്റെ നിഴലിലാണ്. സ്വർണം മോഷ്ടിച്ചതിന് മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തനിക്ക് കിട്ടിയ പരാതി പോലും എസ്.ഐ.ടിക്ക് കൈമാറുകയാണു ചെയ്തതെന്നും അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.
എസ്.ഐ.ടി നൽകിയ സമഗ്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 2025-ലെ സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കം ഏഴുപേരുടെ പങ്ക് തെളിഞ്ഞതായി എസ്.ഐ.ടി കോടതിയെ അറിയിച്ചു. ഒന്നാം പ്രതി മുരാരി ബാബു, രണ്ടാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, അഡ്വ. എ. അജികുമാർ, തന്ത്രി കണ്ഠരര് രാജീവര്, രജിലാൽ എന്നിവരാണ് മറ്റു പ്രതികൾ.
2019-ൽ സ്വർണം മോഷണം പോയത് മറച്ചുവെക്കാനാണ് 2023-ൽ വീണ്ടും സ്വർണം പൂശാം എന്ന പേരിൽ ദ്വാരപാലകരെ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. ഇതിനായി സ്പോൺസറും കരാറുകാരനും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. ഉദ്യോഗസ്ഥരടക്കം എട്ടുപേരുടെ പങ്ക് കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം നൽകി. കേസ് അടുത്ത 20-ന് പരിഗണിക്കും.
അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിയമനത്തിൽ മന്ത്രി കെ. മുരളീധരന് അതൃപ്തി. ബോർഡിന് കീഴിൽ വരുന്ന വള്ളിയംകാവ് ദേവസ്വം അഡ്മിനിസ്ട്രേറ്ററായി ശ്യാം പ്രകാശിനെ നിയമിച്ചതിലാണ് മന്ത്രി അതൃപ്തി പരസ്യമാക്കിയത്. 'ശബരിമല സ്വർണക്കൊള്ളയിൽ എസ്.ഐ.ടി ചോദ്യം ചെയ്ത വ്യക്തിയെ ഉന്നതപദവിയിൽ നിയമിച്ചത് പുനഃപരിശോധിക്കണം' എന്ന് മന്ത്രി കെ. മുരളീധരൻ ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് മന്ത്രി കത്തയക്കുകയും ചെയ്തു.
ശബരിമലയിലെ സ്വർണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയ സമയത്തെ ഉദ്യോഗസ്ഥനായിരുന്നു ശ്യാം. ശബരിമല സ്വർണക്കൊള്ള അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ശ്യാമിനെ ചോദ്യം ചെയ്തിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളിൽ വെക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ചൂണ്ടിക്കാണിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു. സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കുന്ന ഉത്തരവ് നടപ്പാക്കരുതെന്നാണ് കത്തിലെ ആവശ്യം.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിഷ്പക്ഷനായ ആളായതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ഉത്തരവുകൾ തിരുത്തിയില്ലെങ്കിൽ ഈ ദേവസ്വം ബോർഡിനും കൊള്ളയിൽ പങ്കുണ്ടെന്ന ധാരണയിൽ സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ശബരിമല സ്വർണക്കൊള്ളയിൽ എസ്.ഐ.ടിയുടെ കുറ്റപത്രത്തിനുശേഷം മാത്രമേ ഇടപെടാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കുറ്റപത്രത്തിലെ കാര്യങ്ങൾ തൃപ്തികരമല്ലെങ്കിൽ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. വർക്കല ഗ്രൂപ്പിന് കീഴിൽ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറായിരുന്നു ശ്യാം പ്രകാശ്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഉത്തരവിലാണ് മുണ്ടക്കയം ഗ്രൂപ്പിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ശ്യാം പ്രകാശിനെ നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

