എന്തെങ്കിലും ദൗത്യവുമായി പോയതല്ല; അൻവർ-രാഹുൽ കൂടിക്കാഴ്ച വിവാദമാക്കേണ്ടെന്ന് കെ. മുരളീധരൻ
text_fieldsമലപ്പുറം: പി.വി. അൻവർ-രാഹുൽ മാങ്കൂട്ടത്തിൽ കൂടിക്കാഴ്ച വിവാദമാക്കേണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആ കൂടിക്കാഴ്ചയിൽ യാതൊരു ദുരുദ്ദേശവും ഇല്ല. വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്ന് രാഹുൽ തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
പാർട്ടി പറഞ്ഞിട്ടല്ല പോയതെന്നും രാഹുൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ അതിനെ ആ രീതിയിൽ കണ്ടാൽ മതി. അല്ലാതെ എന്തെങ്കിലും ദൗത്യം നിർവഹിക്കാൻ പോയതല്ല. ഇതെല്ലാം രാഹുൽ പറഞ്ഞ സ്ഥിതിക്ക് കൂടിക്കാഴ്ച വിവാദമാക്കേണ്ട കാര്യമില്ലെന്നും മുരളീധരൻ സൂചിപ്പിച്ചു.
പിണറായിക്കെതിരെ പോരാടുന്ന ആളാണ് അൻവർ. അതിന് പിന്തുണ വേണമെന്നാണ് രാഹുൽ അഭ്യർഥിച്ചത്. അൻവറിന് നിലപാട് പരിശോധിക്കാൻ സമയം ബാക്കിയുണ്ട്. അഞ്ചാംതീയതി വരെ നാമനിർദേശ പത്രിക പിൻവലിക്കാമല്ലോ. ഇക്കാര്യങ്ങൾ വ്യക്തിപരമായി സംസാരിക്കാൻ വേണ്ടിയാണ് രാഹുൽ അൻവറിനെ കാണാൻ പോയത്. അതൊരു തെറ്റായി കാണുന്നില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ശനിയാഴ്ച അർധരാത്രി രാഹുൽ മാങ്കൂട്ടത്തിൽ പി.വി. അൻവറിനെ ഒതായിയിലെ വീട്ടിലെത്തി സന്ദർശിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ രാഹുലിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും തള്ളിപ്പറയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

