തൃശൂര്‍ മൃഗശാല പുത്തൂരിലേക്ക് മാറ്റിയപ്പോള്‍ കച്ചവട താൽപര്യം ആരോപിച്ചില്ല; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് കെ. മുരളീധരന്‍
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല നഗരമധ്യത്തില്‍ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് മന്ത്രി കെ. മുരളീധരന്‍. നഗരത്തിലെ അമിതമായ ശബ്ദകോലാഹലങ്ങളും ആള്‍ത്തിരക്കും മൃഗങ്ങളുടെ ആരോഗ്യത്തെയും സ്വാഭാവിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. മൃഗശാല മാറ്റുന്നത് കൊണ്ട് തിരുവനന്തപുരം നഗരത്തിന് ഒരുതരത്തിലുള്ള നഷ്ടവും സംഭവിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുമ്പ് തൃശൂര്‍ മൃഗശാല പുത്തൂരിലേക്ക് മാറ്റിയപ്പോള്‍ ആരും കച്ചവട താൽര്യം ആരോപിച്ചില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. മൃഗശാല മാറ്റുന്നതിനായി ഏറ്റവും അനുയോജ്യമായ സ്ഥലം നെയ്യാര്‍ ആണെന്നും, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രൊപ്പോസല്‍ സര്‍ക്കാറിന്റെ മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മുരളീധരൻ വെളിപ്പെടുത്തി. വിഷയത്തില്‍ വരുംദിവസങ്ങളില്‍ മുഖ്യമന്ത്രി വിശദമായ പ്രഖ്യാപനവും വിശദീകരണവും നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മൃഗശാല മാറ്റുന്നതിനെ പിന്തുണച്ച് മന്ത്രി സി.പി. ജോണും രംഗത്തെത്തി. മൃഗശാല നഗരത്തിൽ പ്രവർത്തിക്കുന്നത് അനുയോജ്യമല്ലെന്നും മൃഗങ്ങൾ ശബ്ദമലിനീകരണം അനുഭവിക്കുന്നുണ്ടെന്നും സി.പി. ജോൺ പറഞ്ഞു.
മറ്റു വിഷയങ്ങളിലും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാർ ആശുപത്രികളിലെ എല്ലാം ചികിത്സാ പിഴവാണെന്ന് പറഞ്ഞ് ഡോക്ടർമാരുടെ മനോവീര്യം തകർക്കരുതെന്ന് പറഞ്ഞ മന്ത്രി, ചികിത്സാ പിഴവുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എ.ജിയുമായി ചർച്ച നടത്തിയിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കേണ്ട അവസാന ദിവസവും അത് നൽകിയില്ലെങ്കിൽ എന്തുവേണമെന്നതിനെക്കുറിച്ചാണ് ചർച്ച നടന്നത്. വിഷയത്തിൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനാണ് മൃഗശാല മാറ്റുന്ന കാര്യം സർക്കാറിന്റെ പരിഗണനയിലാണെന്ന് വ്യക്തമാക്കിയത്. തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷ് ഇതിനെ പിന്തുണച്ച് രംഗത്ത് എത്തി. എന്നാൽ, ചില സി.പി.എം നേതാക്കൾ എതിർപ്പ് ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

