തരൂർ പറഞ്ഞത് കേരളത്തിലെ കോൺഗ്രസിന്‍റെ നിലപാടല്ല; വിശ്വപൗരന്‍റെ പ്രസ്താവനയോട് ദേശീയ നേതൃത്വം പ്രതികരിക്കട്ടെ -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ശശി തരൂർ കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ചതിനെ പരിഹസിച്ച് കോൺഗ്രസ് മുതിർന്ന നേതാവ് ശശി തരൂർ. തരൂർ പറഞ്ഞത് കേരളത്തിലെ കോൺഗ്രസിന്‍റെ നിലപാടല്ലെന്ന് മുരളീധരൻ വ്യക്തമാക്കി.
തരൂരിന്‍റേത് കേരളത്തിലെ കോൺഗ്രസുകാർക്ക് അംഗീകരിക്കാൻ സാധിക്കുന്ന നിലപാടല്ല. ശശി തരൂർ ദേശീയ നേതാവും വിശ്വപൗരനുമാണ്. ഒരു സാധാരണ പ്രവർത്തകൻ എന്ന നിലയിൽ തരൂരിന്‍റെ പ്രസ്താവനയെ വിലയിരുത്താൻ താൻ ആളല്ലെന്നും കെ. മുരളീധരൻ പരിഹസിച്ചു.
തരൂരിന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്തേണ്ട ചുമതല തനിക്കില്ല. പാർട്ടിയുടെ ദേശീയ നേതൃത്വം അഭിപ്രായം പറയട്ടെ. പാർട്ടി പറയുന്ന കാര്യങ്ങൾ പ്രവർത്തിക്കാനും പാർട്ടി പറയുന്ന സ്ഥലത്തൊക്കെ മത്സരിക്കാനുമുള്ള ചെറിയ കഴിവ് മാത്രമേ തനിക്കുള്ളൂ. അതിനാൽ തരൂരിനെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള തിരിച്ചടിയായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാവുക. കേരളത്തിലെ ജനങ്ങൾക്ക് കാര്യങ്ങൾ നന്നായി അറിയാം. അനുഭവിക്കുന്നത് ജനങ്ങളാണ്. അവർ ആരുടെയും സർട്ടിഫിക്കറ്റ് നോക്കിയല്ല വോട്ട് ചെയ്യുന്നത്. ജനങ്ങളുടെ അനുഭവങ്ങളാണ് അവരെ പോളിങ് ബൂത്തിലെ തീരുമാനത്തിലേക്ക് നയിക്കുന്നതെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, ശശി തരൂരിനെതിരെ രൂക്ഷ വിമർശനം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലേഖനത്തിലെ അവകാശവാദങ്ങൾ തള്ളി. എന്തു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'നിലവില്‍ കേരളം മികച്ച വ്യവസായ അന്തരീക്ഷം ഉള്ള സംസ്ഥാനം അല്ല. സ്വാഭാവികമായി അത് മെച്ചപ്പെട്ട് വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ശശി തരൂര്‍ എന്ത് സാഹചര്യത്തിലാണ്, ഏത് സ്റ്റാറ്റിസ്റ്റിക്‌സിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നറിയില്ല.
കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂന്ന് ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നാണ് വ്യവസായമന്ത്രി പറയുന്നത്. ഏതാണെന്ന് താന്‍ മന്ത്രിയോട് ചോദിച്ചിരുന്നു. മന്ത്രിയുടെ കണക്ക് അനുസരിച്ചാണെങ്കില്‍ ഒരു മണ്ഡലത്തില്‍ ശരാശരി 2000 സംരംഭങ്ങള്‍ എങ്കിലും വേണം. അത് എവിടെയെങ്കിലും ഉണ്ടോ?'- സതീശന്‍ ചോദിച്ചു.
വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ചുള്ള പ്രതികരണമുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.
തരൂരിന്റെ ലേഖനത്തെ പ്രശംസിച്ച് വ്യവസായ മന്ത്രി പി. രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. 'ഞങ്ങൾ ഷോക്കേസ് ചെയ്യുന്നത് കേരളത്തെയാണ്. കേരള സാർ.. 100% ലിറ്ററസി സാർ.. എന്ന പരിഹാസം കേട്ടപ്പോൾ കക്ഷിരാഷ്ട്രീയഭേദമന്യെ കേരളത്തിനായി ശബ്ദമുയർത്തിയ ചെറുപ്പക്കാരും ഷോക്കേസ് ചെയ്യുന്നത് കേരളത്തെയാണ്. ഗവണ്മെന്റുകൾ വരും പോകും. പക്ഷേ നമുക്കൊന്നിച്ച് ഈ നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കണം. അതിന് ഒറ്റക്കെട്ടായി നമുക്ക് നിൽക്കാൻ സാധിക്കണം'.- പി.രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

