കോടതിയിൽ പോയാൽ സജി ചെറിയാൻ വീണ്ടും രാജിവെക്കേണ്ടി വരും -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: ഭരണഘടനാ അവഹേളനം ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയിൽ പോയാൽ സജി ചെറിയാൻ വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. കോടതി അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സജി ചെറിയാനെ തിരിച്ചെടുക്കുന്നത് തെറ്റാണെന്നും മുരളീധരൻ പറഞ്ഞു.
ഭരണഘടനയെ വിമർശിക്കുകയല്ല കുന്തം, കുടചക്രം എന്ന് പറഞ്ഞ് അവഹേളിക്കുകയാണ് സജി ചെറിയാൻ ചെയ്തതെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
സജി ചെറിയാന്റെ വിവാദ പരാമർശം
പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം പരിപാടിയിൽ പ്രസംഗിക്കുമ്പോഴാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശമുണ്ടായത്. 'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്.
മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്.' എന്നിങ്ങനെയായിരുന്നു സജി ചെറിയാന്റെ പരാമർശം.

