അധികാരത്തിൽ തിരികെ വരാൻ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പ്?; പഴയ ഇന്ത്യൻ ഹിസ്റ്ററിയും വേൾഡ് ഹിസ്റ്ററിയും പഠിച്ചിട്ട് കാര്യമില്ലെന്ന് കെ. മുരളീധരൻ
text_fieldsകെ. മുരളീധരൻ
കാസർകോട്: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഐ ഗ്രൂപ്പിൽ തർക്കമുണ്ടെന്ന വാർത്തയിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എങ്ങനെയെങ്കിൽ അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പ് എന്ന് മുരളീധരൻ വ്യക്തമാക്കി.
ഗ്രൂപ്പ് ഒന്നും പാർട്ടിക്കുള്ളിൽ ഇല്ല. 10 വർഷമായി പ്രതിപക്ഷത്തുള്ള പാർട്ടി തിരിച്ചു വരാൻ ശ്രമിക്കുമ്പോൾ പഴയ ഇന്ത്യൻ ഹിസ്റ്ററിയും വേൾഡ് ഹിസ്റ്ററിയും പഠിച്ചിട്ട് കാര്യമില്ല.
എല്ലാവരും അവരുടേതായ അഭിപ്രായം പറയും. പക്ഷെ, ഒരു സമന്വയത്തിൽ എത്താനാണ് ഹൈക്കമാൻഡ് ശ്രമിച്ചത്. അതിനനുസരിച്ചുള്ള തീരുമാനമാണ് വന്നതെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനത്തിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് അബിൻ വർക്കി രംഗത്തെത്തി. പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്ത സമയത്ത് കേരളത്തിൽ പ്രവർത്തനം തുടരണമെന്നാണ് ആഗ്രഹമെന്ന് അബിൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തോടും സംസ്ഥാനത്തെ മുതിർന്ന നേതാക്കളോടും ഇത് അഭ്യർഥിച്ചിട്ടുണ്ടെന്നും അബിൻ വ്യക്തമാക്കി.
സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തന്നെ പരിഗണിക്കാത്തത് ക്രിസ്ത്യാനി ആയതുകൊണ്ടാണോ എന്ന് അറിയില്ല. തന്നെ അങ്ങനെ കാണുന്നുണ്ടോ എന്നും അറിയില്ല. അക്കാര്യം പറയേണ്ടത് നേതൃത്വമാണെന്നും അബിൻ വർക്കി മാധ്യമങ്ങളോട് പറഞ്ഞു.
ഏത് പോസ്റ്റ് കിട്ടിയാലും ഇല്ലെങ്കിലും സമരമുഖത്ത് ഉണ്ടാകും. അമിതമായി ആഹ്ലാദിക്കുകയോ വിഷമിക്കുകയോ ചെയ്യില്ല. സംസ്ഥാന നേതൃത്വവുമായി സഹകരിച്ച് മുന്നോട്ട് പോകും. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് തീരുമാനം എടുത്തത്. രാഹുൽ ഗാന്ധിയോട് കടപ്പാടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഒരു ലക്ഷത്തി എഴുപതിനായിരം വോട്ടുകൾ നേടാനായി. പാർട്ടി സമരം ചെയ്യാൻ പറഞ്ഞപ്പോൾ അത് ചെയ്തു. ജയിലിൽ പോകാൻ പറഞ്ഞപ്പോൾ പോയി.
താൻ ഉറച്ച കോൺഗ്രസുകാരനാണെന്ന് ആവർത്തിച്ച് കരുതലോടെയായിരുന്നു അബിന്റെ പ്രതികരണം. പുതിയ യൂത്ത് കോൺഗ്രസ് ഭാരവാഹികളെ നിർണയിച്ച് കഴിഞ്ഞ ദിവസം തീരുമാനം വന്നതുമുതൽ ഐ ഗ്രൂപ്പ് ഉന്നയിച്ച പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് അബിന്റെ പ്രതികരണവും വിലയിരുത്തപ്പെടുന്നത്. അബിനെ ഡൽഹിക്ക് പാക്ക് ചെയ്തുവെന്ന വിമർശനമാണ് ഐ ഗ്രൂപ്പ് ഉയർത്തിയത്.
സംഘടന കീഴ്വഴക്കങ്ങളും ബൈലോയും ലംഘിക്കപ്പെട്ടുവെന്നാണ് ഐ ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നത്. യുത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജിവെക്കുമ്പോൾ കൂടുതൽ വോട്ടുകിട്ടിയ അടുത്ത ആൾ ചുമതലയേൽക്കണമെന്ന കീഴ്വഴക്കം ലംഘിക്കപ്പെട്ടുവെന്നും സംഘടന തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ബിനു ചുള്ളിയിലിനെ വർക്കിംഗ് പ്രസിഡന്റാക്കി നിയമിച്ചുവെന്നുമടക്കം ഐ ഗ്രൂപ്പ് ചുണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തിൽ ജാഗ്രതയോടെയാണ് ഐ ഗ്രൂപ്പ് നീങ്ങുന്നത്. ഈ സമയത്ത് ഒരു പൊട്ടിത്തെറി ഉണ്ടാകുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തലിലാണ് ഗ്രൂപ്പെന്നാണ് വിവരം. തനിക്കുകിട്ടിയ വോട്ട് എണ്ണിപ്പറഞ്ഞായിരുന്നു അബിൻറെ വാർത്താസമ്മേളനം. മതേതരത്വ മുദ്രാവാക്യം ഉയർത്തി പ്രവർത്തിക്കുന്ന പാർട്ടിയിലും സംഘടനയിലും തനിക്ക് ക്രിസ്ത്യാനിയായതിന്റെ പേരിൽ വിവേചനം നേരിടുമോ എന്നും അബിൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

