നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട ആരോഗ്യ പ്രവർത്തകയുടെ പരിശോധന ഫലം നെഗറ്റിവ് -മന്ത്രി കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: നിപ രോഗബാധിതന്റെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെ സാമ്പിൾ ശേഖരിച്ച ആരോഗ്യ പ്രവർത്തകയുടെ പരിശോധന ഫലം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഇതോടെ രോഗിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധനക്ക് വിധേയമാക്കിയ 15 പേരുടെയും പരിശോധന ഫലങ്ങൾ നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു.
നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. രോഗബാധിതന്റെ സമ്പർക്കപട്ടികയിൽ ഇന്ന് പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. നാല് പേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ടവരും 14 പേർ ഉയർന്ന വിഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ടവരുമാണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 81 വീടുകളിൽ ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.
സംശയ നിവാരണത്തിനായി ജില്ല കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 89 ഫോൺവിളികൾ എത്തിയിട്ടുണ്ട്. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ല കൺട്രോൾ റൂമിൽനിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ല മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 13 ഷിഗെല്ല രോഗബാധ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് 4, മലപ്പുറം, കണ്ണൂർ 3 വീതം, പാലക്കാട് 2, കൊല്ലം 1 എന്നിങ്ങനെയാണ് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂണിൽ 133 രോഗബാധയും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 209 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂണിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (40), വയനാട് (18), തൃശൂർ (11), ആലപ്പുഴ (3) എന്നീ ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (19), തിരുവനന്തപുരം (15), കൊല്ലം (9), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (10), പാലക്കാട് (3) എന്നിവിടങ്ങളിലും ജൂണിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇന്ന് സംസ്ഥാനത്ത് 75 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. 13 പേർക്ക് എലിപ്പനി ബാധിച്ചു. എലിപ്പനി ബാധിച്ച ഒരാൾക്ക് മരണം സംഭവിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇന്ന് മാത്രം പനി ബാധിതരായി 13,187 പേർ ചികിത്സ തേടിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

