ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: കേരളത്തിലെ ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നുവെന്നും തകർന്നപ്പോൾ ഉത്തരവാദിയില്ലാതെ അനാഥമായെന്നും കെ. മുരളീധരൻ. ഇപ്പോൾ ദേശീയപാതയിലൂടെ സഞ്ചരിക്കാൻ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മലപ്പുറത്തെ കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷനെ കേന്ദ്രസർക്കാർ ഡീബാർ ചെയ്തു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് ( എച്ച്.ഇ.സി) എന്ന കമ്പനിക്കും വിലക്കുണ്ട്. ഇതിന് പുറമെ, പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡി, കൺസൾട്ടന്റ് ടീം ലീഡർ രാജ് കുമാര്‍ എന്നിവരെ സസ്പെൻഡ് ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി.
സംഭവത്തിന് പിന്നാലെ ദേശീയപാത അതോറിറ്റി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഡല്‍ഹി ഐ.ഐ.ടിയിൽ നിന്ന് വിരമിച്ച പ്രൊ. ജി.വി റാവുവിന്റെ നേതൃത്വത്തിൽ മലയാളിയായ ഡോ. ജിമ്മി തോമസ്, ഡോ. അനില്‍ ദീക്ഷിത് എന്നിവരടങ്ങുന്ന വിദഗ്ദ സംഘമാണ് സ്ഥലം സന്ദർശിച്ചത്. ഇവരുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ കമ്പനിക്കും കണ്‍സള്‍ട്ടന്റ് കമ്പനിക്കുമെതിരെ കേന്ദ്രസർക്കാർ നടപടിയെടുത്തത്. ഡീബാർ ചെയ്യപ്പെട്ടതോടെ, കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന് ഇനി ദേശീയപാതയുടെ ടെന്‍ഡറുകളില്‍ പങ്കെടുക്കാനാവില്ല.
വിദഗ്ധ സംഘം വിശദമായ റിപ്പോര്‍ട്ട് വരുംദിവസങ്ങളിൽ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിനൊപ്പം കേരളത്തിലെ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും സംഘം പരിശോധിക്കുമെന്നാണ് വിവരം. മെയ് 19നാണ് കൂരിയാട് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയും സര്‍വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

