'പാർട്ടി ഏൽപ്പിച്ചത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ, മതിലുചാടാനല്ല'; രാഹുലിനെ പുറത്താക്കുമെന്ന സൂചന നൽകി കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നേതൃത്വം കടുത്ത നടപടിയെടുക്കുമെന്ന് സൂചന നൽകി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായിയെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'സസ്പെൻഷൻ എന്നത് തെറ്റുതിരുത്താനുള്ള മാർഗമായിട്ടാണ് കോൺഗ്രസ് പാർട്ടി ഇതുവരെ അനുവർത്തിച്ച് പോന്നിട്ടുള്ളതെങ്കിലും ഇനി അതിന് ഒരു സ്കോപ്പില്ലാത്ത സാഹചര്യത്തിൽ ശക്തമായ നടപടി പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. നാടൻ ഭാഷയിൽ പറഞ്ഞാൽ ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി. ഞങ്ങളെ സംബന്ധിച്ച് പൊക്കിൾക്കൊടി ബന്ധം വിച്ഛേദിച്ചുകഴിഞ്ഞു. പിന്നെ ഞങ്ങൾക്കതിൽ ഒരു ഉത്തരവാദിത്തവുമില്ല.'- കെ. മുരളീധരൻ പറഞ്ഞു.
'പാർട്ടി ഏൽപ്പിച്ചത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ്. അല്ലാതെ മതിലുചാടനല്ല. ഇനി ചല നേതാക്കന്മാർ എന്നൊന്നുമില്ല. പുകഞ്ഞ കൊള്ളി പുറത്ത്. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം. പാർട്ടിയുടെ അന്തസ് കാത്തുസൂക്ഷിക്കണം എന്നാണ് പാർട്ടിയുടെ നിലപാട്. അതിനെതിരെ ആരു നീങ്ങിയാലും നടപടി ഉണ്ടാകും. കെ.പി.സി.സി പ്രസിഡന്‍റുമായി സംസാരിച്ചിട്ടുണ്ട്' - കെ. മുരളീധരൻ പറഞ്ഞു.
എന്താണ് പ്രസിഡന്‍റ് പറഞ്ഞതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് പ്രവർത്തിയിലൂടെ വരുമെന്നും അദ്ദേഹം മറുപടി നൽകി. രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍ രേഖാമൂലമുള്ള പരാതി സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടേയോ മുമ്പില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാഹുലിനെതിരെ ഔദ്യോഗികമായി പരാതി സര്‍ക്കാരിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും മുന്നിലുണ്ട്. രാഹുല്‍ കോണ്‍ഗ്രസിലുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി തലത്തില്‍ കൂടി അന്വേഷണം നടത്തിയേനേ. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സസ്‌പെന്‍ഷനിലായതിനാല്‍ പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നുവെന്ന് കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെ എം.എൽ.എക്കെതിരെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. രാഹുലിന് രക്ഷപ്പെടാൻ കാർ നൽകിയ സിനിമ നടിയെ വിളിച്ച് എസ്.ഐ.ടി വിവരങ്ങൾ തേടി. എം.എൽ.എ പാലക്കാട്ടുനിന്ന് മുങ്ങിയ ചുവന്ന പോളോ കാർ സിനിമാനടിയുടേതുതന്നെയെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. രാഹുലിന് കാര്‍ കൊടുത്തത് ഏതുസാഹചര്യത്തിലാണെന്നായിരുന്നു നടിയോട് ചോദിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ അടുത്ത സുഹൃത്താണെന്നാണ് നടി പൊലീസിന് മറുപടി നൽകിയിട്ടുണ്ട്.
ദിവസങ്ങൾക്കുമുമ്പ് രാഹുലിന്റെ ഭവനനിർമാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് ചുവന്ന കാറെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബംഗളുരുവിലാണ് നടി ഉള്ളതെന്നാണ് സൂചന. പാലക്കാട് കുന്നത്തൂർമേട്ടിലുള്ള രാഹുലിന്റെ ഫ്ലാറ്റിലെ കെയർടേക്കറുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.ചുവന്ന പോളോ കാർ രണ്ടാഴ്ചയായി ഫ്ലാറ്റിലുണ്ടായിരുന്നതായും വ്യാഴാഴ്ചക്കുശേഷം കാർ ഫ്ലാറ്റിൽ വന്നിട്ടില്ലെന്നും കെയർടേക്കർ മൊഴി നൽകി.
ചുവന്ന കാർ പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ വീട്ടിലാണുണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിച്ച സൂചന. രക്ഷപ്പെടാൻ നേതാവ് സഹായിച്ചോയെന്നും അന്വേഷണസംഘം പരിശോധിക്കും.
അതേസമയം, വ്യാഴാഴ്ച വൈകീട്ട് രാഹുൽ മാങ്കൂട്ടത്തിൽ നേരെ പോയത് പൊള്ളാച്ചിയിലേക്കെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ശേഷം കോയമ്പത്തൂരിലേക്ക് കടന്നു. നിലവിൽ എം.എൽ.എ ബംഗളൂരുവിലേക്ക് കടന്നതായി പൊലീസിന് തെളിവ് ലഭിച്ചതായാണ് വിവരം.രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫുമുണ്ടെന്നും വിവരമുണ്ട്. അദ്ദേഹം ഫോണുകളും സിമ്മുകളും മാറ്റി മാറ്റി ഉപയോഗിക്കുന്നുണ്ടെന്നും എസ്.ഐ.ടിക്ക് വിവരം ലഭിച്ചു.
പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെ വാദം അടച്ചിട്ട മുറിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ ഹരജി നൽകി. സ്വകാര്യത കണക്കിലെടുത്ത് വാദത്തിന് രഹസ്യ സ്വഭാവം വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
എന്നാൽ, ഇതിനോടകം രാഹുലിനെതിരെ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിച്ച് ജാമ്യാപേക്ഷ എതിര്‍ക്കാനാണ് പ്രോസിക്യൂഷൻ നീക്കം. നിലവിലെ കേസുകൾ കൂടാതെ രാഹുൽ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പ്രോസിക്യൂഷൻ വാദിക്കുക.
ഇന്നലെ രാഹുലിനെതിരെ കെ.പി.സി.സിക്ക് ലഭിച്ച ലൈംഗിക പീഡന പരാതിയിലും പൊലീസ് കേസെടുത്തേക്കും. പരാതി ഇന്നലെ കെ.പി.സി.സി നേതൃത്വം ഡി.ജി.പിക്ക് കൈമാറിയിരുന്നു. കേസെടുത്തശേഷം പരാതിക്കാരിയെ കണ്ടെത്താമെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഗുരുതര കുറ്റകൃത്യം വെളിവായാൽ കേസെടുക്കുന്നതിൽ നിയമതടസമില്ലെന്നാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

