‘ജീവൻ രക്ഷിക്കേണ്ട സ്ഥാപനം ജീവൻ നഷ്ടപ്പെടുത്തി’; ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന് കെ. മുരളീധരൻ
text_fieldsതൃശ്ശൂർ: കോഴിക്കോട് മെഡിക്കൽ കോളജ് സംഭവത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ജീവൻ രക്ഷിക്കേണ്ട സ്ഥാപനം ജീവൻ നഷ്ടപ്പെടുത്തിയെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
സർക്കാറിന് ഇതിൽ ഉത്തരവാദിത്തമുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ നിന്ന് പുക ഉയർന്നത്. അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ താഴെ നിലയിലെ സി.ടി സ്കാനിന് സമീപമുള്ള യു.പി.എസ് റൂമിൽ നിന്ന് പൊട്ടിത്തെറിയോടെ പുക ഉയർന്നത്. പുക മുഴുവൻ ഭാഗത്തേക്കും പരന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി ചിതറിയോടി. ഇതിന് പിന്നാലെ അത്യാഹിത വിഭാഗത്തിൽ നിന്ന് മുഴുവൻ രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
ഏഴുനില കെട്ടിടത്തിൽ അഞ്ഞുറിലേറെ രോഗികളും അതിലേറെ കൂട്ടിരിപ്പുകാരുമാണ് ഉണ്ടായിരുന്നത്. ആളുകളെ പരസ്പരം കാണാനാവാത്ത തരത്തിൽ പുക നിറഞ്ഞ താഴെ നിലയിൽ നിരവധി രോഗികളുണ്ടായിരുന്നു. സ്ട്രച്ചറിലും വീൽചെയറിലുമായി ഇവരെ ആദ്യം പുറത്തെത്തിച്ചു. പിന്നാലെ രണ്ട്, മൂന്ന്, നാല് നിലകളിലുള്ളവരെയും പൊലീസും ആശുപത്രി അധികൃതരും ചേർന്ന് ഒഴിപ്പിച്ചു. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഇതിനിടെ അത്യാഹിത വിഭാഗത്തിൽ നിന്ന് നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. വയനാട് മേപ്പാടി സ്വദേശി നസീറ (44) ഉൾപ്പെടെ പുക ശ്വസിച്ചാണ് മരിച്ചതെന്ന് ടി. സിദ്ദീഖ് എം. എൽ.എ ആരോപിച്ചു. വടകര സ്വദേശി സുരേന്ദ്രൻ, വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ എന്നിവരാണ് മരിച്ച മറ്റുള്ളവർ. പുക ശ്വസിച്ചാണ് മരണമെന്ന വാദം ആശുപത്രി അധികൃതർ നിഷേധിച്ചു.
പുക ശ്വസിച്ചല്ല മരണമെന്നാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. ജി. സജിത്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് വയനാട് സ്വദേശിയുടെ മരണം. ആരോഗ്യം മോശമായ സാഹചര്യത്തിലുള്ളവരാണ് ചികിത്സയിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

