തരൂർ വിപ്ലവകാരിയെങ്കിൽ എന്തിന് പന്ന്യനെ സ്ഥാനാർഥിയാക്കിയെന്ന് കെ. മുരളീധരൻ; ‘പാവം പന്ന്യനെ എന്തിനാണ് കഷ്ടപ്പെടുത്തിയത്’
text_fieldsതിരുവനന്തപുരം: ധീര വിപ്ലവകാരിയായാണ് ശശി തരൂരിനെ സി.പി.എം കാണുന്നതെങ്കിൽ എന്തിനാണ് തിരുവനന്തപുരത്ത് അത്തരമൊരു വിപ്ലവകാരിക്കെതിരെ ഇടതുപക്ഷം സ്ഥാനാർഥിയെ നിർത്തിയതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എന്തിനാണ് പാവം പന്ന്യൻ രവീന്ദ്രനെ കഷ്ടപ്പെടുത്തിയതെന്നും മുരളീധരൻ ചോദിച്ചു.
തരൂരിനെ പുകഴ്ത്തുന്ന സി.പി.എമ്മുകാർക്ക് ട്രംപ്-മോദി കൂടിക്കാഴ്ചയെ കുറിച്ച് തരൂർ പറഞ്ഞ കാര്യങ്ങളിൽ എന്താണ് അഭിപ്രായമെന്നറിയാൻ താൽപര്യമുണ്ട്. കോൺഗ്രസ് നേതാവ് തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ നിയന്ത്രിക്കാൻ പ്രാപ്തിയുള്ള ദേശീയ നേതൃത്വവും പാർട്ടിക്കുണ്ട്. ഇക്കാര്യത്തിൽ പിണറായി വിജയനോ എം.വി ഗോവിന്ദനോ ഉപദേശിക്കേണ്ടെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, ശശി തരൂരിന്‍റെ ലേഖനം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയെന്നത് യാഥാർഥ്യമാണെന്നും അത് മൂടിവെച്ചിട്ട് എന്താണ് കാര്യമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ലേഖനം രാഷ്ട്രീയ എതിരാളികൾക്ക് കോൺഗ്രസിനെ അടിക്കാനുള്ള ആയുധമായി. കഴിഞ്ഞ കുറെ നാളുകളായി ‘വികസനം’ എന്നു പറയുന്നതല്ലാതെ ഇടതുപക്ഷത്തിന് ഒരു തെളിവു പോലും ഹാജരാക്കാനുണ്ടായിരുന്നില്ല. ഇപ്പോൾ ‘തരൂരിന്‍റെ ലേഖനം’ എന്ന് പറയാനുള്ള അവസരമുണ്ടാക്കിക്കൊടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാധാരണ പ്രവർത്തകരുടെ വികാരം തരൂർ മനസ്സിലാക്കിയില്ല. എലൈറ്റ് ക്ലാസിന്‍റെ വോട്ട് കൊണ്ടല്ല, സാധാരണക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയുമടക്കം വോട്ടുകൊണ്ടാണ് താൻ ജയിച്ചതെന്ന കാര്യം തരൂർ മറക്കരുത്. പാർട്ടിക്കാരനാകുമ്പോൾ പാർട്ടിയുടെ ലക്ഷ്മണരേഖയുണ്ട്, അത് കടക്കരുത്. അഭിപ്രായ സ്വാതന്ത്ര്യം പാർട്ടി വേദിയിൽ പറയാനാണ്.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നേതാക്കന്മാരല്ല, സാധാരണ പ്രവർത്തകരാണ് സ്ഥാനാർഥികൾ. തരൂരടക്കമുള്ള നേതാക്കളെ വിജയിപ്പിക്കാൻ വേണ്ടി വിയർപ്പൊഴുക്കിയവരുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ തല്ലിക്കെടുത്തരുത്. അദ്ദേഹം സ്വയം തിരുത്തി പാർട്ടിയുടെ നിലപാട് അനുസരിച്ച് പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവിനെ ഇടിച്ചുതാഴ്ത്താൻ ഉദ്ദേശിക്കുന്നില്ല. അധികാരത്തിന്റെ പിറകെ പോകുന്ന ആളാണ് തരൂരെന്ന് താൻ കരുതുന്നില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

