‘50പേർ ആയുധങ്ങളുമായി സി.പി.എം ഓഫിസിൽ നിൽക്കുന്നെന്ന് പറഞ്ഞ് കോൺഗ്രസുകാരെ പൊലീസ് തടഞ്ഞു, യാതൊരു മര്യാദയുമില്ലാതെയാണ് ഷാഫിയെ തല്ലിയത്’ -കെ. മുരളീധരൻ
text_fieldsകോഴിക്കോട്: സംഘർഷം ഉണ്ടായപ്പോൾ തടയാനാണ് ഷാഫി പറമ്പിലും ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺ കുമാറും അങ്ങോട്ട് ചെന്നതെന്നും യാതൊരു മര്യാദയുമില്ലാതെയാണ് എം.പിയെ പൊലീസ് തല്ലിയതെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഷാഫി പറമ്പിൽ എം.പി അടക്കമുള്ളവരെ മർദിക്കാൻ നേതൃത്വം കൊടുത്തത് ഡിവൈ.എസ്.പി ആണെന്നും അയാളാണ് കുഴപ്പങ്ങളുടെ മുഖ്യകാരണമെന്നും അദ്ദേഹം പറഞ്ഞു. ആ ഡി.വൈ.എസ്.പി ആണ് കുഴപ്പങ്ങളുടെ മുഖ്യ കാരണം. അയാളുടെ സസ്പെൻഷനിൽ കുറഞ്ഞ ഒരു തീരുമാനവും ഞങ്ങൾ അംഗീകരിക്കില്ല -മുരളീധരൻ വ്യക്തമാക്കി.
‘ഞാൻ നേതൃത്വം നൽകുന്ന ശബരിമല യാത്രയുടെ വിജയത്തിനു വേണ്ടി കൊയിലാണ്ടിയിൽ ചേർന്ന യോഗത്തിലായിരുന്നു എം.പിയും ഡി.സി.സി പ്രസിഡൻറും. സംഘർഷം അറിഞ്ഞപ്പോഴാണ് യോഗം നിർത്തിവെച്ച് അവർ അങ്ങോട്ട് ചെല്ലുന്നത്. എംപിയെ യാതൊരു മര്യാദയുമില്ലാതെയാണ് പൊലീസ് തല്ലിയത്.
പൊലീസിന്റെ തെറ്റായ സമീപനമാണ് ഇന്നലത്തെ കുഴപ്പങ്ങളുടെ ഒക്കെ കാരണം. പേരാമ്പ്ര സി.കെ.ജി കോളജ് ഇലക്ഷനിൽ ചെയർമാൻ ഉൾപ്പെടെ അഞ്ചു സ്ഥാനങ്ങളിൽ കെഎസ്‌യു വിജയിച്ചു. ആ വിജയത്തിൽ ഹാലിളകി എസ്എഫ്ഐ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്നലെ പേരാമ്പ്ര നഗരത്തിൽ യുഡിഎഫിന്റെ ഹർത്താലായിരുന്നു.
ഇന്നലെ കാലത്ത് ആറുമണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയായിരുന്നു ഹർത്താൽ. ഹർത്താൽ കഴിഞ്ഞ ഉടനെ സിപിഎമ്മിന് പ്രകടനം നടത്താൻ അനുവാദം കൊടുത്തു. അത് തന്നെ ശരിയായ സമീപനമല്ല. കാരണം യുഡിഎഫിൻ്റെ ഹർത്താൽ കഴിഞ്ഞ ഉടനെ സിപിഎമ്മിന് പെർമിഷൻ കൊടുക്കുമ്പോൾ സ്വാഭാവികമായിട്ടും സംഘർഷ സാധ്യത ഉണ്ടാകും എന്ന് പൊലീസ് മനസ്സിലാക്കേണ്ടതായിരുന്നു. പക്ഷേ പെർമിഷൻ കൊടുത്തു. പൊലീസ് എസ്കോർട്ടോടുകൂടിത്തന്നെ അവരുടെ പ്രകടനം പൂർത്തിയായി.
എന്നാൽ, ആറുമണിക്ക് യുഡിഎഫ് പ്രകടനം ആരംഭിച്ചപ്പോൾ പൊലീസ് തടഞ്ഞു. സിപിഎമ്മിൻറെ ഓഫിസിൽ 50-ഓളം ആളുകൾ ആയുധങ്ങളുമായി നിൽക്കുന്നുണ്ടെന്നും നിങ്ങൾ അങ്ങോട്ട് പോകരുത് എന്നും പറഞ്ഞാണ് പ്രകടനം തടഞ്ഞത്. ഇത്രയേറെ സംഘർഷങ്ങൾക്ക് ശേഷം സി.പി.എമ്മിന് പ്രകടനം നടത്താൻ പൊലീസ് പെർമിഷൻ കൊടുക്കുകയും കോൺഗ്രസ് പ്രകടനം നടത്തരുത് എന്ന് പറയുകയും ചെയ്തപ്പോൾ പ്രവർത്തകർ പ്രതിഷേധിച്ചു. അതിന്റെ പേരിൽ സംഘർഷങ്ങൾ ഉണ്ടായപ്പോൾ അത് തടയാനാണ് ഷാഫി പറമ്പിലും ഡി.സി.സി പ്രസിഡൻറും അങ്ങോട്ട് ചെന്നത്.
ഒരു എംപിയെ യാതൊരു മര്യാദയുമില്ലാതെയാണ് പൊലീസ് തല്ലിയത്. മർദനത്തിൽ പരിക്കേറ്റ ഷാഫി ഓപറേഷൻ കഴിഞ്ഞ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ് ഇപ്പോൾ. മാത്രമല്ല, ശ്വാസം വിടാൻ പോലും അദ്ദേഹത്തിന് കഴിയാത്ത അവസ്ഥയാണ്. ഒരു ജനപ്രതിനിധിയെ ഇത്രയേറെ ക്രൂരമായി തല്ലുകയും സിപിഎമ്മിന് പ്രൊട്ടക്ഷൻ നൽകുകയും യുഡിഎഫ് യോഗം കലക്കാൻ നോക്കുകയും ചെയ്ത പൊലീസ് ഇതിൽ ഗുരുതരമായ കൃത്യവിലോപം വരുത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെ സസ്പെൻഡ് ചെയ്ത് ശക്തമായ നടപടി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസും യുഡിഎഫും തുടർ സമരങ്ങൾക്ക് നേതൃത്വം നൽകും. കേരളത്തിൽ ഒരു എംപിക്ക് പോലും രക്ഷയില്ല എന്ന അവസ്ഥയാണ്. സിപിഎം ചെയ്യുന്ന ഏത് വൃത്തികേടിനും പോലീസ് പ്രൊട്ടക്ഷൻ ഉണ്ട്. കോൺഗ്രസോ യുഡിഎഫോ ഒരു പ്രതിഷേധം പോലും നടത്തിക്കൂടാ. അത് എംപി ആണെങ്കിലും എംഎൽഎ ആണെങ്കിലും ഇതൊക്കെയാണ് അവസ്ഥ. യുഡിഎഫ് ഇത് വളരെ ഗൗരവത്തിൽ കാണും, ശക്തമായ സമരത്തിന് നേതൃത്വം നൽകും. ആ ഡി.വൈ.എസ്.പി ആണ് കുഴപ്പങ്ങളുടെ മുഖ്യ കാരണം. അയാളുടെ സസ്പെൻഷനിൽ കുറഞ്ഞ ഒരു തീരുമാനവും ഞങ്ങൾ അംഗീകരിക്കില്ല’ -മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

