പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാതെ സർക്കാർ ഒത്തുകളിക്കുന്നു -കെ. മുരളീധരൻ
text_fieldsകോഴിക്കോട്: മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗ കേസിൽ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാതെ സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കേന്ദ്ര സർക്കാറിനെ സന്തോഷിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കേസിൽ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല സെഷന്‍സ് കോടതി തള്ളിയതിനു പിന്നാലെ ഇന്നലെ പി.സി. ജോർജിനെ തേടി വൻ പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിയിലെത്തിയിരുന്നു. എന്നാൽ പി.സി. ജോർജിനെ കണ്ടെത്താനായില്ല.
മട്ടാഞ്ചേരി അസി. കമീഷണറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പി.സി. ജോർജിനെ തിരയുന്നത്. ഫോണിലും ലഭിക്കാതായതോടെ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ബന്ധുവീടുകളിലും തിരച്ചിൽ നടത്തി. അദ്ദേഹം എവിടെയുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

