ഉദിച്ചുയരേണ്ട താരങ്ങൾ ഉദിച്ചുയരും, അല്ലാത്തത് അസ്തമിക്കും -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വീക്ഷണം പത്രത്തിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ സംബന്ധിച്ച് ഒരിക്കലും പത്രത്തിനോട് വിശദീകരണം ചോദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ‘കത്തുന്ന സൂര്യൻ’ എന്ന് രാഹുലിനെ എഡിറ്റോറിയലിൽ വിശേഷിപ്പിച്ചതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഉദിച്ചുയുരുന്ന താരങ്ങളൊക്കെ വേണ്ടതാണെങ്കിൽ ഉദിച്ചുയരുമെന്നും അല്ലാത്തത് അസ്തമിക്കുമെന്നുമായിരുന്നു മുരളീധരന്റെ മറുപടി.
‘പത്ര സ്വാതന്ത്ര്യം ഞങ്ങളുടെ പാർട്ടിപത്രത്തിനും അനുവദിച്ചിട്ടുണ്ട്. പത്രങ്ങൾക്ക് അതിന്റെതായിട്ടുള്ള അഭിപ്രായങ്ങളുണ്ട്. അത് പാർട്ടി പത്രം ആണെങ്കിലും പാർട്ടി ചാനൽ ആണെങ്കിലും ഞങ്ങൾ ഇടപെടില്ല’ -മുരളീധരൻ പറഞ്ഞു. സസ്പെൻഡ് ചെയ്ത ആൾക്കാരെ, അവർ ആരാണെങ്കിലും, ഔദ്യോഗിക പരിപാടികളിൽ പങ്കെടുപ്പിക്കരുത് എന്നത് തന്നെയാണ് പാർട്ടി നിലപാട്.
രാഹുലിന്റെ വിഷയത്തിൽ ഞങ്ങൾ നേരത്തെ തന്നെ നടപടി എടുത്തു കഴിഞ്ഞു. എന്നേ സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ ഏതാണ്ട് പുറത്താക്കലിന് തുല്യമാണ്. അത് എന്നും പറഞ്ഞുകൊണ്ടിരിക്കേണ്ട കാര്യമില്ല. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാളെ വീണ്ടും പുറത്താക്കേണ്ട കാര്യമില്ല. രാഷ്ട്രീയത്തിലെ ആശയ ദാരിദ്ര്യം കാരണമാണ് ഇടതുപക്ഷം എപ്പോഴും ഈ വാചകം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചടത്തോളം ആ ചാപ്റ്റർ ക്ലോസ് ചെയ്തതാണ്.
കേരളത്തിൽ മൊത്തത്തിൽ യു.ഡി.എഫ് അനുകൂലമായ ശക്തമായ വികാരം ഉണ്ട്. അത് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഡിസംബർ 13ാം തീയതി മഹാഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും യു.ഡി.എഫ് ഭരണസമിതികൾ നിലവിൽ വരും’ -മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

