ട്രാൻസ്ഗ്രിഡ്; ചെന്നിത്തലയുടെ പരാതി തള്ളിയതാണെന്ന് മന്ത്രി കൃഷ്ണൻകുട്ടി
text_fieldsതിരുവനന്തപുരം: ട്രാൻസ്ഗ്രിഡ് അഴിമതിയുമായി ബന്ധപ്പെട്ട രമേശ് ചെന്നിത്തലയുടെ ഹരജി ലോകായുക്ത തള്ളിയെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. പരാതി തള്ളിയിട്ടില്ലെന്നും സാങ്കേതിക പിഴവുകൾ പരിഹരിച്ച് നൽകാൻ നിർദേശിക്കുകയായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിഴവ് പരിഹരിച്ച് നൽകിയ പരാതി ലോകായുക്തയുടെ പരിഗണനയിലാണെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭയിൽ ചോദ്യോത്തര വേളയിലായിരുന്നു ട്രാൻസ്ഗ്രിഡ് അഴിമതി വീണ്ടും പൊങ്ങിവന്നത്. ചെന്നിത്തല ഗവർണർക്ക് നൽകിയ പരാതി കെ.എസ്.ഇ.ബിയുടെ വിശദീകരണത്തെ തുടർന്ന് തള്ളിയെന്നും മന്ത്രി പറഞ്ഞു. എന്നാൽ, പദ്ധതിയുടെ ഓരോ ഘട്ടവും പരിശോധിച്ചാൽ സ്റ്റാർലൈറ്റ് കമ്പനിക്ക് കരാർ നൽകാൻ കുത്സിത ശ്രമം നടന്നെന്ന് മനസ്സിലാകുമെന്ന് ചെന്നിത്തല പറഞ്ഞു.
മുൻ വൈദ്യുതി മന്ത്രി എം.എം. മണിയുടെ കാലത്ത് പ്രഖ്യാപിച്ച 1000 കോടിയുടെ പദ്ധതി പലതവണ എസ്റ്റിമേറ്റ് വർധിപ്പിച്ച് 3000 കോടിക്കാണ് നടപ്പാക്കുന്നത്. അഴിമതി സംബന്ധിച്ച അന്വേഷണത്തിന് മന്ത്രി തയാറാണെങ്കിൽ അതിനുള്ള രേഖകൾ കൈമാറാമെന്ന് ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ ആരോപണത്തിൽ പ്രത്യേകമായ എന്തെങ്കിലും ഉണ്ടെങ്കിൽ പരിശോധിക്കാമെന്ന് മന്ത്രി മറുപടി നൽകി. പദ്ധതി വഴി ഇതുവരെ 250 കോടിയുടെ ലാഭമുണ്ടായിട്ടുണ്ട്. പദ്ധതി പൂർത്തിയാവുന്നതോടെ ചെലവു കുറഞ്ഞ വൈദ്യുതി ഏറ്റവും കുറഞ്ഞ പ്രസരണനഷ്ടത്തോടെ തടസ്സമില്ലാതെ ഉപഭോക്താക്കൾക്ക് എത്തിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

