കെ. ജയകുമാറിന്റെ അനുഭവ പാരമ്പര്യം ദേവസ്വം ബോർഡിന് ഗുണം ചെയ്യും -പി.എസ്. പ്രശാന്ത്
text_fieldsപി.എസ്. പ്രശാന്ത്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായുള്ള മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഓഫിസറുമായ കെ. ജയകുമാറിനെ നിയമനത്തിൽ പ്രതികരിച്ച് നിലവിലെ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മണ്ഡല-മകരവിളക്ക് തീർഥാടനം ആരംഭിക്കാനിരിക്കെ ജയകുമാറിന്റെ അനുഭവ പാരമ്പര്യം ഗുണം ചെയ്യുമെന്ന് പ്രശാന്ത് പ്രതികരിച്ചു.
കെ. ജയകുമാർ ദേവസ്വം പ്രസിഡന്റ് പദവിയിൽ വരുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ പരിജ്ഞാനം ശബരിമലയുടെ മുന്നോട്ടുള്ള പ്രയാണത്തിനും ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളുടെ പൊതു വികസനത്തിനും നല്ലതാണ്. മണ്ഡല-മകരവിളക്ക് പ്രവർത്തനങ്ങളുമായി നിലവിലെ ദേവസ്വം ബോർഡ് മുന്നോട്ടു പോവുകയാണെന്നും പി.എസ്. പ്രശാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഓഫിസറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ഡയറക്ടറുമായ കെ. ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാനാണ് തീരുമാനം. വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. വിദേശത്തുള്ള മുഖ്യമന്ത്രി തിരിച്ചെത്തുന്നതോടെ അന്തിമ തീരുമാനമുണ്ടാകും.
ശബരിമല സ്വർണക്കൊള്ളയിൽ നിലവിലെ ദേവസ്വം ബോർഡടക്കം കരിനിഴലിലും സർക്കാർ പ്രതിരോധത്തിലുമാണ്. ഇക്കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും പ്രക്ഷോഭത്തിലുമാണ്. അതിനാൽ ബോർഡിൽ വീണ്ടുമൊരു രാഷ്ട്രീയ നിയമനം സർക്കാറിനടക്കം വെല്ലുവിളിയായിരുന്നു. ഇത് മുൻനിർത്തിയാണ് പ്രസിഡന്റ് പദവിയിലേക്ക് പൊതുസ്വീകാര്യനെ തീരുമാനിച്ചത്.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ ദേവസ്വം ഭരണ സമിതിയെ സർക്കാർ ഓർഡിനൻസിലൂടെ പിരിച്ചുവിട്ടപ്പോഴടക്കം ജയകുമാർ ശബരിമല സ്പെഷൽ കമീഷണറായി പ്രവർത്തിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റർ പ്ലാൻ തയാറാക്കിയ കമ്മിറ്റിയുടെ ചെയർമാനുമാണ്. മലയാളം സർവകലാശാല പ്രഥമ വൈസ് ചാൻസലർ ഉൾപ്പെടെ ഉന്നത പദവികൾ വഹിച്ച ജയകുമാർ കവി, ഗാനരചയിതാവ്, വിവർത്തകൻ തുടങ്ങിയ നിലകളിലും പ്രശസ്തനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

