ശബരിമല വിവാദത്തിലൂടെ വിശ്വാസം നഷ്ടമായെന്ന് കെ. ജയകുമാർ; ‘അവതാരങ്ങൾക്ക് സ്ഥാനം കൊടുത്തത് സംവിധാനത്തിന്‍റെ ബലഹീനത’
text_fieldsകോഴിക്കോട്: ശബരിമല സ്വർണക്കൊള്ള വിവാദത്തിലൂടെ വിശ്വാസം കുറച്ച് നഷ്ടമായെന്ന് തിരുവിതാംകൂർ ദേവസ്വം നിയുക്ത പ്രസിഡന്‍റ് കെ. ജയകുമാർ. ഭക്തരുടെ വിശ്വാസം നിലനിർത്തുക എന്നത് പ്രധാനമാണ്. ദേവസ്വത്തിലുള്ള വിശ്വാസവും വീണ്ടെടുക്കണമെന്നും ജയകുമാർ വ്യക്തമാക്കി.
രാഷ്ട്രീയമല്ല, ദുരയാണ് പ്രശ്നം. ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി പ്രകാരം സംഭാവന സ്വീകരിക്കാം. അതെന്ത് ചെയ്യുന്നുവെന്ന് പണം നൽകിയവർ ചോദിക്കുമ്പോൾ ഉത്തരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലും ദേവസ്വത്തിലും ഇനി വിവാദങ്ങൾ ഉണ്ടാകരുത്. ശബരിമലയിൽ ഇത് അവസാനത്തേത് ആകണം. എന്തുകൊണ്ടിത് സംഭവിച്ചു?, ഇനി സംഭവിക്കാതിരിക്കാൻ എന്ത് ചെയ്യണം? എന്നതാണ് പ്രധാനം. ഇവിടെയാണ് തിരുത്തൽ വേണ്ടത്. എന്തിനാണ് പാർട്ടി ആവശ്യമില്ലാതെ ഇടപെടുന്നത്. നിയമപ്രകാരം ഒരു കാര്യം ചെയ്യുകയാണെങ്കിൽ അവിഹിതമായ ബാഹ്യ ഇടപെടലുകൾ കുറയും. മനുഷ്യസഹജമായ വിട്ടുവീഴ്ചകളിൽ തെറ്റില്ല.
പ്രഫഷണലിസത്തിന്‍റെ അഭാവമാണ് ശബരിമലയിലെ പ്രശ്നങ്ങൾക്ക് കാരണം. ജീവനക്കാർക്ക് പരിശീലനം നൽകി ദേവസ്വം ബോർഡിനെ പ്രഫഷണലാക്കണം. ഓഡിറ്റ്-അക്കൗണ്ടബിലിറ്റി, അതിന് വേണ്ട മാർഗനിർദേശങ്ങൾ, സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തൽ എന്നിവക്ക് പ്രാധാന്യം നൽകും. അഴിമതി നടത്തണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാൽ പോലും നടക്കാത്ത സംവിധാനമുണ്ടാക്കണം. നിങ്ങളുടെ പൈസ, നിങ്ങളുടെ സ്വർണം എല്ലാം സേഫ് എന്ന് ഭക്തരോട് പറയാൻ സാധിക്കണം.
പലയിടത്തും പ്രശ്നമുണ്ട്. പ്രഥമ പരിഗണന ഇപ്പോൾ ശബരിമലയിലായിരിക്കും. ഭക്തകേന്ദ്രീകൃതമായ സമീപനം കൈക്കൊള്ളും. എന്തുകൊണ്ടാണ് ഈ അവതാരങ്ങൾ വന്നു കയറുന്നത്. അവർക്കെങ്ങനെ ഇത്രയും സ്ഥാനം കൊടുത്തു, അതെല്ലാം സംവിധാനത്തിന്‍റെ ബലഹീനതകളാണ്. പുതിയ സംവിധാനം കൊണ്ടുവരാനല്ല, നിലവിലേത് മെച്ചപ്പെടുത്താനാവും ശ്രമം. അതിനായി സാങ്കേതികവിദ്യ അടക്കം ഉപയോഗിക്കും. ദേവസ്വത്തിന്‍റെ സ്വത്ത് അപഹരിക്കാനുള്ള ഇടപെടലുകൾ ചെറുക്കുമെന്നും മാധ്യമങ്ങൾ നൽകിയ അഭിമുഖത്തിൽ കെ. ജയകുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

