കെ.ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; ശബരിമല തീർഥാടനത്തിന് പ്രഥമ പരിഗണനയെന്ന് പ്രതികരണം
text_fieldsതിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ കെ.ജയകുമാറിനെ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കെ.ജയകുമാർ തന്നെയാണ് താൻ ദേവസ്വം ബോർഡ് പ്രസിഡന്റായി എത്തുന്ന വിവരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ദേവസ്വംമന്ത്രി വി.എൻ വാസവനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഇക്കാര്യം അദ്ദേഹം പറഞ്ഞുവെന്നും തിങ്കളാഴ്ചയോടെ ഇതുസംബന്ധിച്ച ഉത്തരവിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും ജയകുമാർ പറഞ്ഞു.
ദേവസ്വംബോർഡ് പ്രസിഡന്റായി എത്തുമ്പോൾ പ്രഥമപരിഗണന ശബരിമല തീർഥാടനത്തിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ മാനുവൽ പരിഷ്‍കരണം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കും. ദൈവവിശ്വാസിയായ താൻ ഇതൊരു ദൈവനിയോഗമായി കൂടി കണക്കാക്കുകയാണെന്നും ജയകുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടേയും കൂടി നിർദേശപ്രകാരമാണ് കെ ജയകുമാറിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതെന്നാണ് സൂചന.
കെ. ജയകുമാർ നേരത്തേയും ശബരിയുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായിരുന്നു. രണ്ട് തവണ സ്പെഷ്യൽ കമ്മീഷണർ പദവി വഹിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന സംസ്ഥാന സി.പി.എം സെക്രട്ടറിയേറ്റിൽ അഞ്ച് പേരുകൾ ഉയർന്നുവന്നെങ്കിലും കൂടുതൽ മുൻതൂക്കം കിട്ടിയത് കെ. ജയകുമാറിനായിരുന്നു.
നിലവിലെ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും അംഗം എ. അജികുമാറിന്റെയും കാലാവധി ഈമാസം 12 വരെയാണ്. 16ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ കാലാവധി 2026 ജൂണ്‍ വരെ നീട്ടാനായിരുന്നു നീക്കം.
ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായതോടെയാണ് കാലാവധി നീട്ടാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. കാലാവധി നീട്ടാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ആലോചിച്ചിരുന്നെങ്കിലും ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കുന്ന വീഴ്ചകളിലേക്കും ഹൈകോടതി വീണ്ടും വിരല്‍ചൂണ്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ക്ലീൻ ഇമേജുള്ള ഐ.എ.എസ് ഓഫിസറായ കെ. ജയകുമാറിനെ പ്രസിഡന്‍റാക്കാൻ സർക്കാർ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

