ദർശനം നടത്താൻ കഴിയാതെ മാല ഊരിയവരോട് മാപ്പ് ചോദിച്ച് കെ. ജയകുമാർ; ശബരിമലയില്‍ എൻ.ഡി.ആർ.എഫ് സംഘം
text_fieldsശബരിമല: ശബരിമലയില്‍ നാഷനല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെ (എൻ.ഡി.ആർ.എഫ്) ആദ്യസംഘം ചുമതലയേറ്റു. തൃശൂര്‍ റീജനല്‍ റെസ്പോണ്‍സ് സെന്റർ നാലാം ബറ്റാലിയനിലെ 30 അംഗ സംഘമാണ് സന്നിധാനത്ത് എത്തിയത്. സോപാനത്തിന് അരികിലായും നടപ്പന്തലിലും ഇവരെ വിന്യസിച്ചു. ഇരുസ്ഥലത്തുമായി പത്ത് പേരാകും ഒരേസമയം ഡ്യൂട്ടിക്കുണ്ടാകുക.
തീര്‍ഥാടകര്‍ക്ക് സി.പി.ആര് ഉൾപ്പെടെ അടിയന്തര വൈദ്യസഹായം നല്‍കുന്നതിന് പ്രത്യേകം പരിശീലനം നേടിയവരാണിവര്‍. പ്രഥമശുശ്രൂഷ കിറ്റും സ്ട്രച്ചര്‍ ഉൾപ്പെടെയുള്ള സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. അത്യാഹിതങ്ങളില്‍ അതിവേഗം ഇടപെട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും ഇവർക്ക് കഴിയും.
വിവിധ രക്ഷാഉപകരണങ്ങളും സംഘത്തിന്റെ പക്കലുണ്ട്. ശബരിമല എ.ഡി.എം, പൊലീസ് സ്പെഷല്‍ ഓഫിസര്‍ എന്നിവരുടെ നിർദേശാനുസരണം സംഘം പ്രവര്‍ത്തിക്കുമെന്ന് ടീം കമാന്‍ഡറായ ഇന്‍സ്പെക്ടര്‍ ജി.സി. പ്രശാന്ത് പറഞ്ഞു. ചെന്നൈയില്‍നിന്നുള്ള 38 അംഗ സംഘവും രാത്രിയോടെ സന്നിധാനത്ത് എത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഇവർ ചുമതലയേൽക്കും.
മാപ്പ് ചോദിക്കുന്നു; തിരക്ക് ആവർത്തിക്കില്ല–ജയകുമാർ
പത്തനംതിട്ട: ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബുദ്ധിമുട്ടുണ്ടായെന്നത് സത്യമാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള ഏകോപനത്തിൽ ചെറിയ പ്രശ്നം ഉണ്ടാകുകയായിരുന്നു. ആദ്യദിനം ഇത്രയും തിരക്ക് ആരും പ്രതീക്ഷിച്ചില്ല. ചില നിയന്ത്രണങ്ങൾ പൊതുനന്മ കരുതി കർശനമാക്കിയേ പറ്റൂ. പമ്പയിലും നിലയ്ക്കലിലും നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ബുക്ക് ചെയ്ത ദിവസങ്ങളിൽമാത്രം ഭക്തർ ശബരിമലയിലേക്ക് വരണം. എല്ലാ ഭാഷകളിലും പരസ്യം നൽകും. മുൻ ബോർഡിന് വീഴ്ചപറ്റിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചില തീരുമാനങ്ങൾ പ്രായോഗികതലത്തിൽ വന്നില്ലെന്നും ജയകുമാർ വ്യക്തമാക്കി. ഹൈകോടതിയുടെ പുതിയ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

