'ഏറെ വേട്ടയാടപ്പെട്ട സമുദായ നേതാവാണ് വെള്ളാപ്പള്ളി, വെല്ലുവിളികളെ മറികടന്ന് എസ്.എൻ.ഡി.പിക്ക് ഒരുനിലയും വിലയുമുണ്ടാക്കി'; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ.ബാബു എം.എൽ.എ
text_fieldsകൊച്ചി: തുടർച്ചയായി വർഗീയ പരാമർശങ്ങൾ നടത്തികൊണ്ടിരിക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രശംസയിൽ പൊതിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് കെ.ബാബു എം.എൽ.എ. പള്ളുരുത്തിയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ബാബു.
ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട സമുദായ നേതാവാണ് വെള്ളാപ്പള്ളിയെന്നും എല്ലാ വെല്ലുവിളികളെയും മറികടന്ന് എസ്.എൻ.ഡി.പി യോഗത്തിന് ഒരു നിലയും വിലയുമൊക്കെ ഉണ്ടാക്കിയതും വെള്ളാപ്പള്ളി നടേശനാണെന്ന് കെ.ബാബു പറഞ്ഞു. വെള്ളാപ്പള്ളിയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനക്കെതിരെ കടുത്ത വിമർശനം കേരളമാകെ ഉയരുന്ന ഘട്ടത്തിലാണ് പ്രശംസ.
ഇതേ വേദിയിൽ വെച്ച് തന്നെയാണ് മന്ത്രി വാസവനും കോൺഗ്രസ് എം.പി ഹൈബി ഈഡനും വെള്ളാപ്പള്ളിയെ പുകഴ്ത്തിയത്. നിർഭയനായി അഭിപ്രായം രേഖപ്പെടുത്തുന്നതാണ് വെള്ളാപ്പള്ളിയുടെ വലിയ പ്രത്യേകതയെന്നാണ് ഉദ്ഘാടനം ചെയ്ത ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞത്. മൂന്ന് പതിറ്റാണ്ട് കാലം സമുദായത്തിന്‍റെ ജനറൽ സെക്രട്ടറി പദവി വഹിച്ച ഒരു സമുദായ നേതാവുമില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സമുദായത്തിന്‍റെ സമസ്ത മേഖലയിലെ ഉയർച്ചക്കും കാരണഭൂതനായത് വെള്ളാപ്പള്ളിയാണെന്ന് മുഖ്യ പ്രഭാഷകനായ ഹൈബി ഈഡൻ എം.പി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജും മുസ്ലീം ലീഗ് നേതാക്കളും വെള്ളാപ്പള്ളിയുടെ പരാമർശത്തെ വിമർശിച്ചു. വെള്ളാപ്പള്ളിയുടെ പേരെടുത്ത് പറയാതെ പരാമർശങ്ങളെ കോൺഗ്രസ് നേതാവ് വി.ടി ബൽറാമും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും തള്ളി.
അതേസമയം, താൻ നടത്തിയത് ബോധപൂർവമുള്ള പരാമർശമാണെന്നും അതിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വെള്ളാപ്പള്ളി. ഇന്നലെ കോട്ടയത്ത് വെച്ച് നടത്തിയ പരാമർശം കൊച്ചിയിൽ വെച്ച് ആവർത്തിക്കുയാണ് വെള്ളാപ്പള്ളി ചെയ്തത്. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരെയും സമസ്തയെയും മലപ്പുറം ജില്ലയെയും കേരളത്തിലെ മുസ്ലിം ജനവിഭാഗങ്ങളേയും അവഹേളിക്കുന്ന പ്രസ്താവനയാണ് വെള്ളാപ്പള്ളി കോട്ടയത്ത് നടത്തിയത്. അതിന്റെ തുടർച്ച തന്നെയായിരുന്നു കൊച്ചിയിലും കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

