Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വന്തം വേരുകളിലൂടെ...

സ്വന്തം വേരുകളിലൂടെ ഊർജം കണ്ടെത്താൻ പ്രചോദിപ്പിച്ച ഗുരുവായിരുന്നു സിദ്ദീഖ്​ ഹസനെന്ന്​ കെ. അംബുജാക്ഷൻ

text_fields
bookmark_border
സ്വന്തം വേരുകളിലൂടെ ഊർജം കണ്ടെത്താൻ പ്രചോദിപ്പിച്ച ഗുരുവായിരുന്നു സിദ്ദീഖ്​ ഹസനെന്ന്​ കെ. അംബുജാക്ഷൻ
cancel

അന്തരിച്ച ബഹുമുഖ പ്രതിഭ സിദ്ദീഖ്​ ഹസൻ തനിക്ക്​ ഗുരുതുല്യനായിരുന്നുവെന്ന്​ ദലിത്​ ആക്​റ്റിവിസ്റ്റ്​ ഡോ. കെ. അംബുജാക്ഷൻ. കോഴിക്കോട് റീജിയണൽ എൻജിനിയറിംഗ് കോളജിൽ ഞാൻ വിദ്യാർഥിയായിരുന്ന കാലം മുതൽ സിദ്ദീഖ്​ ഹസനുമായി കാത്തു സൂക്ഷിച്ച വ്യക്​തി ബന്ധം വിവരിച്ചുകൊണ്ടാണ്​ അംബുജാക്ഷന്‍റെ ഫേസ്​ബുക്ക്​ കുറിപ്പ്​. വിദ്യാർഥി കാലഘട്ടം മുതൽ തന്നെ സ്വാധീനിച്ച സിദ്ദീഖ്​ ഹസനുമായ​ുള്ള അടുപ്പമാണ്​ പക്വതയോടെ പ്രശ്നങ്ങളെ നേരിടേണ്ടതിനെ സംബന്ധിച്ചുള്ള ബോധ്യം നൽകിയതെന്നും വെൽഫെയർ പർട്ടി മുൻ ഭാരവാഹി കൂടിയായി അംബുജാക്ഷൻ അനുസ്​മരിച്ചു.

ഫേസ്​ബുക്ക്​ കുറിപ്പിന്‍റെ പൂർണരൂപം:

പ്രൊഫ. കെ.എ. സിദ്ദിഖ് ഹസൻ സാഹിബ് ഊർജ്ജവും നിറസാന്നിധ്യവുമാണ്
ലോകമറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതൻ, അദ്ധ്യാപകൻ, വാഗ്മി, ചിന്തകൻ, എഴുത്തുകാരൻ, സാമൂഹ്യ പ്രവർത്തകൻ, സമുദായ സ്നേഹി എന്നിങ്ങനെ നാനാതുറകളിൽ നേതൃത്വവും സജീവ സാന്നിധ്യവുമായിരുന്ന സിദ്ദിഖ് ഹസൻ സാഹിബ്, ജമാഅത്തെ ഇസ്ലാമിഹിന്ദ് അഖിലേന്ത്യാ അസിസ്റ്റൻ്റ് അമീർ, ന്യൂ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഹ്യൂമൻ ഡവലപ്മെൻ്റ് ഫൗണ്ടേഷൻ്റെ വിഷൻ 2016 പദ്ധതിയുടെ സെക്രട്ടറി, 1990 മുതൽ 2005 വരെ ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീർ തുടങ്ങി നിരവധി ഉത്തരവാദിത്വപ്പെട്ട പദവികളിൽ പ്രവർത്തനനിരതനായിരുന്നു.

ഇന്ത്യയിലെ നിരാലംബരായ പാർപ്പിടമില്ലാത്ത അനേകം മനുഷ്യർക്ക് ജാതിമതഭേദമന്യേ ഭവനം നിർമ്മിച്ചുനല്കിയ പീപ്പിൾ ഫൗണ്ടേഷൻ എന്ന മഹത്തായ സ്ഥാപനത്തിന് നേതൃത്വം നല്കിക്കൊണ്ട് ഇന്ത്യയിലാകമാനം പ്രവർത്തനനിരതനായിരുന്നു അദ്ദേഹം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിലവാരപ്പെട്ട എത്രയധികം വിദ്യാലയങ്ങളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ സംരംഭങ്ങളുമാണ് അദ്ദേഹം യാഥാർത്ഥ്യമാക്കിയത്. നമ്മുടെ കേരളത്തിൽ മാധ്യമം ദിനപത്രത്തിൻ്റെ ഉത്ഭവത്തിനും വളർച്ചയ്ക്കും അദ്ദേഹം നല്കിയ നേതൃത്വവും കാഴ്ചപ്പാടും മാതൃകാപരമാണ്. എണ്ണമറ്റ വികസന-സംരംഭകത്വ സ്ഥാപനങ്ങളാണ് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ വികസിച്ചു വളർന്നിട്ടുള്ളത്.


എന്നെ സംബന്ധിച്ചിടത്തോളം ഗുരുതുല്യനായ വ്യക്തിയാണ് സിദ്ദിഖ്ഹസ്സൻ സാഹിബ്. കോഴിക്കോട് റീജിയണൽ എൻജിനിയറിംഗ് കോളജിൽ ഞാൻ വിദ്യാർത്ഥിയായിരിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ പരിചയമാകുന്നത്. അക്കാലത്ത് അദ്ദേഹത്തിൻ്റെ ചില പ്രഭാഷണങ്ങൾ നേരിൽ കേൾക്കുകയും അതെല്ലാം എന്നെ നന്നായി സ്വാധീനിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ കേൾവിക്കാരുടെ ഹൃദയങ്ങളോടും മനസുകളോടും നേരിട്ട് സംവദിക്കുന്ന തരത്തിൽ ആത്മാർത്ഥത നിറഞ്ഞതായിരുന്നു. അതിനാൽതന്നെ അദ്ദേഹത്തിൻ്റെ ഓരോ പ്രഭാഷണവും നമ്മെ അഴത്തിൽ സ്പർശിക്കുന്ന അനുഭവമായിരുന്നു.


അന്നൊക്കെ, ദലിത് സാഹിത്യങ്ങൾ വായിച്ച് ലഭ്യമായിട്ടുള്ളതും സ്വാംശീകരിച്ചിരുന്നതുമായ ധാരണകളും അപൂർവ്വം ചില വ്യക്തികളിൽ നിന്ന് പകർന്നുകിട്ടിയ ദലിത് അവബോധമുള്ള അറിവുകളുമായിരുന്നു പ്രവർത്തനങ്ങളുടെ കരുതൽ ശേഖരം. പലപ്പോഴും തീവ്രതയോടെ കാര്യങ്ങളെ സമീപിക്കുകയും ഒട്ടും നയപരമല്ലാത്തതും വലിയൊരളവോളം വികാരപരമുമായ പ്രവർത്തന ശൈലിയാണുണ്ടായിരുന്നത്. എന്നാൽ സിദ്ദിഖ് ഹസ്സൻ സാഹിബിനെ പരിചയപ്പെട്ടതിനുശേഷം അദ്ദേഹം എന്നിൽ ചെലുത്തിയ സ്വാധീനവും പ്രത്യേക നിലയ്ക്കുള്ള ഉപദേശങ്ങളുമൊക്കെ, അതിസങ്കീർണ്ണമായ സാമൂഹ്യ സാഹചര്യങ്ങളിൽ പ്രത്യേകിച്ച് അനീതിയും അസമത്വവും പുലരുന്ന സമകാലിക സന്ദർഭത്തിൽ , തികഞ്ഞ പക്വതയോടെ പ്രശ്നങ്ങളെ നേരിടേണ്ടതിനെ സംബന്ധിച്ചുള്ള വ്യക്തതകൾ ബോധ്യപ്പെടുത്തി നല്കുന്നതിൽ നിർണ്ണായകമായി മാറിത്തീർന്നു.


തീരെ പ്രായംകുറഞ്ഞ വിദ്യാർത്ഥിയായിരുന്ന എനിക്ക് വലിയ സ്വാതന്ത്ര്യമാണ് അദ്ദേഹം നല്കിയിരുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ അമീർ എന്നനിലയിലും മാധ്യമം പത്രത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തി എന്ന നിലകളിലൊന്നുമുള്ള പദവികൾ അദ്ദേഹത്തോട് വളരെയടുത്തു ചെന്ന് ഇടപഴകുന്നതിൽ തടസമായതേയില്ല. പലപ്പോഴും ഹോസ്റ്റലിൽ നിന്ന് രാവിലെ സമയങ്ങളിൽ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി കണ്ട് സംസാരിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുകയും അധികനേരം ആശയ വിനിമയം നടത്തുന്നതിനും അദ്ദേഹം സമയം ചെലവഴിച്ചിരുന്നു. വിവിധ രൂപത്തിലുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നല്കിയിട്ടുമുണ്ട്.

സാമൂഹ്യ പ്രവർത്തനം സംബന്ധിച്ചും സാമൂഹ്യ ഇടപെടലുകളെക്കുറിച്ചും ക്രിയാത്മകമായ ഒട്ടേറെ ധാരണകൾ അദ്ദേഹം പകർന്നു നല്കിയിട്ടുണ്ട്. അദ്ദേഹവുമായുള്ള ആശയ വിനിമയങ്ങൾ പിന്നീടുള്ള ജീവിതത്തിലുടനീളം പ്രചോദനമായിത്തന്നെ നിലനിൽക്കുന്നുമുണ്ട്. സിദ്ദിഖ് ഹസ്സൻ സാഹിബിൻ്റെ ദീപ്തസ്മരണ സങ്കീർണ്ണമായ ജീവിത സന്ദർഭങ്ങളിൽ കരുത്തോടെ മുമ്പോട്ടു പോകാൻ ഈർജ്ജമായിത്തന്നെ പരിവർത്തനപ്പെടുന്നുണ്ട്.


സാമ്പത്തികമായ ഇല്ലായ്മ, നേരിടുന്ന സാമൂഹ്യമായ അനീതികൾ, അതിക്രമങ്ങൾ, അധികാരത്തിലെ പങ്കാളിത്തമില്ലായ്മ, ഉപജാതി മൂലമുള്ള അനൈക്യം തുടങ്ങി ദലിത് സമുദായത്തെ സംബന്ധിച്ച് ആഴത്തിലുള്ള ചർച്ചകൾ ചെയ്തിരുന്നപ്പോഴൊക്കെ, നമ്മുടെ ജനം, നമ്മുടെ സമുദായം എന്നാണ് അദ്ദേഹം സംബോധന ചെയ്തിരുന്നത്. ഒരുതരത്തിലുള്ള അന്യതാ സമീപനവും അദ്ദേഹത്തിൻ്റെ സംസാരത്തിൽ നിഴലിച്ചിരുന്നില്ല. പൊതുവിദ്യാഭ്യാസത്തിനൊപ്പം സമുദായത്തിനുള്ളിൽ സംഭവിക്കേണ്ടതായ ആദ്യന്തര വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും പ്രബോധനപരമായ ഇടപെടലുകളും ഊർജ്ജിതമാക്കേണ്ടതിനെപ്പറ്റിയുള്ള ഉൾക്കാഴ്ചകൾ പ്രദാനം ചെയ്യുന്ന സംഭാഷണങ്ങളായിരുന്നു അദ്ദേഹത്തിൻ്റേത്. മുമ്പോട്ടുതന്നെ പോകാൻ പ്രചോദനവും ഊർജ്ജവും പ്രതീക്ഷയും നല്കുന്ന വാക്കുകൾ.


സാമ്പത്തികമായ ദരിദാവസ്ഥയെക്കുറിച്ചും സമുദായം നേരിടുന്ന സങ്കീർണ്ണമായ വിഭജിതാവസ്ഥയെയും അനൈക്യത്തിൻ്റെ പ്രവണതകളെയും കുറിച്ച് സംസാരിക്കുമ്പോൾ, ഒരുജനതയ്ക്ക് സ്വന്തം വേരുകളിലൂടെ തന്നെ സാമ്പത്തികവും സാംസ്കാരികവും സാമൂഹ്യവുമായ അതിജീവനത്തിനായ് ഈർജ്ജം ലഭ്യമായാൽ, പ്രതിസന്ധികളെ തരണംചെയ്യാനുള്ള ഏറ്റവും നല്ല മാർഗ്ഗം അതായിരിക്കുമെന്നൊരു പാഠം അദ്ദേഹം ആവർത്തിച്ച് പറയുമായിരുന്നു. നമ്മുടെ തന്നെ സ്വത്വത്തിൻ്റെ അടിവേരുകളിൽ നിന്ന് ഊർജ്ജം സ്വീകരിക്കുന്നതാണ് ഏറെ അഭികാമ്യം. ഇല്ലായ്മകൾ എത്രത്തോളമാണെങ്കിലും, സ്വാശ്രയമായ സംഭരണങ്ങളുടെയും സമാഹരണത്തിൻ്റെയും ഒരു തത്വം നമ്മൾ പ്രയോഗിച്ചാൽ പരിമിതികളെ മറികടക്കാൻ സാധിക്കുക തന്നെ ചെയ്യുമെന്നും അതു പയോഗിച്ച് വലിയ മുന്നേറ്റങ്ങൾ സാധ്യമാണെന്നതുമായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. അത്തരത്തിലുള്ള പാഠങ്ങൾ എന്നെ അപ്പോഴത്തെ പ്രായഘട്ടത്തിൽ ഒരു പക്ഷേ ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്നീടുള്ള ജീവിതത്തിൽ സാമൂഹ്യമായും സംഘടനാപരമായും സഞ്ചരിക്കുന്ന സന്ദർഭങ്ങളിൽ അദ്ദേഹം പറഞ്ഞുതന്ന പാഠങ്ങളുടെ പൊരുൾ അനുഭവവേദ്യമായിട്ടുണ്ട്. സംഭാഷണങ്ങൾക്കിടയിലെ ചില സന്ദർഭങ്ങളിലെ മൗനം പോലും ഒരുപാട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പര്യാപ്തമായിരുന്നു.

അദ്ദേഹത്തിൻ്റെ ക്ഷീണാവസ്ഥയിൽ, ഓർമ്മകൾ വേണ്ടത്രയില്ലാതിരുന്നൊരു സാഹചര്യത്തിൽ, അദ്ദേഹത്തെ കാണാൻ ഞാനും സഹപ്രവർത്തകരും ചെന്നെത്തിയപ്പോൾ, എൻ്റെ പേരുപറഞ്ഞ് സാന്നിധ്യമറിയിക്കുകയും അപ്പോൾ തന്നെ എൻ്റെകയ്യിൽ അദ്ദേഹം ഇറുകെപിടിച്ചതും ചെയ്തത് അവിസ്മരണീയമായി ഞാൻ ഓർമ്മകളിൽ സൂക്ഷിക്കുന്നുണ്ട്.
മീഡിയവൺ ചാനലിൻ്റെ ഉദ്ഘാടന വേദിയിൽവച്ചും അദ്ദേഹത്തോടൊപ്പം ഉണ്ടാകാൻ കഴിഞ്ഞതും പ്രത്യേകമായി ഓർമ്മിക്കുന്നു. അപ്പോഴും അദ്ദേഹത്തിൻ്റെ പ്രഭാഷണം ഊർജ്ജദായകവും വിസ്ഫോടനാത്മകവുമായിരുന്നു. സിദ്ദിഖ് ഹസ്സൻ സാഹിബ് മരണപ്പെട്ട് അടക്കം ചെയ്യപ്പെട്ടതായി ഞാൻ വിശ്വസിക്കുന്നില്ല. ഓർമ്മകളായ്, സാന്നിധ്യമായി ഒപ്പം സഞ്ചരിച്ചെത്തുന്നതായാണ് എൻ്റെ അനുഭവം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. Ambujakshansiddique hassan
News Summary - k Ambujakshan commemorates Siddique Hasan
Next Story