‘സ്വന്തം ഭാര്യ പോലും ഗണേഷിന് വോട്ട് ചെയ്തില്ല; മുൻമന്ത്രിക്ക് മദമിളകി’ -ഡീൽ ആരോപണത്തിൽ രൂക്ഷപ്രതികരണവുമായി ജ്യോതികുമാർ ചാമക്കാല
text_fieldsപത്തനാപുരം: പത്തനാപുരം മണ്ഡലത്തിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ ഡീൽ ഉണ്ടായിരുന്നെന്ന കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണണത്തിന് രൂക്ഷമറുപടിയുമായി ജ്യോതികുമാർ ചാമക്കാല. ആന ഉടമ സംഘത്തിന്‍റെ പ്രസിഡന്റായ ഗണേഷ്‌കുമാർ മദമിളകി നടക്കുകയാണെന്ന് നിയുക്ത എം.എൽ.എ ജ്യോതികുമാർ ചാമക്കാല പ്രതികരിച്ചു.
‘ഗണേഷ്‌കുമാർ പത്തനാപുരത്തെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഗണേഷിന്‍റെ കൂടെ നിന്ന പലരും തനിക്ക് വോട്ട് ചെയ്തു. സ്വന്തം ഭാര്യ പോലും ഗണേഷിന് വോട്ട് ചെയ്യാൻ വന്നില്ല. പിന്നെ, എന്ത് അർഥത്തിലാണ് സമനില തെറ്റിയവരെ പോലെ സംസാരിക്കുന്നത്. ഗണേഷ്‌കുമാർ ജാള്യം മറയ്ക്കാൻ ശ്രമിക്കുകയാണ്. പത്തു വർഷത്തിനിടെ ഗണേഷ്‌കുമാറിന്‍റെ വോട്ടിൽ 15,000ത്തിന് മുകളിൽ കുറവുണ്ടായി. കണക്കുനിരത്തി സംവാദത്തിന് തയാറുണ്ടോ?’ -ജ്യോതികുമാർ ഗണേശിനെ വെല്ലുവിളിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് യു.ഡി.എഫ്- ബി.ജെ.പി ഡീൽ ഉണ്ടായിരുന്നെന്നായിരുന്നു പരാജയപ്പെട്ട എൽ.ഡി.എഫ് സ്ഥാനാർഥിയും ഗതാഗത മന്ത്രിയുമായ കെ.ബി. ഗണേഷ്‌കുമാറിന്റെ ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിൽ 23,000ത്തോളം വോട്ട് ബി.ജെ.പി നേടിയ മണ്ഡലത്തിൽ ഇത്തവണ എൻ.ഡി.എ 7,031 വോട്ട് മാത്രം നേടിയതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഡീൽ ആരോപണം.
പത്തനാപുരത്ത് 2016ൽ 11,700 വോട്ടും, 2021ൽ 12,398 വോട്ടും ആണ് ബി.ജെ.പിക്ക് ലഭിച്ചത്. ഇക്കുറി അത് 7,031 ആയി കുറഞ്ഞു. ഡീലിന്റെ ഭാഗമായാണ് ഇത്. സംസ്ഥാനത്ത് പലയിടത്തും ഇത്തരം ഡീൽ നടന്നെന്ന് ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

