അതിജീവിതരായ സ്ത്രീകൾക്ക് നീതി ലഭ്യമാക്കുന്നതിന് സത്വരനടപടികൾ സ്വീകരിക്കണം -കേരള ഫെമിനിസ്റ്റ് ഫോറം
text_fieldsകൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ അതിജീവിതരായ സ്ത്രീകൾക്ക് നീതി ലഭ്യമാക്കുന്നതിന് സത്വരനടപടികൾ സ്വീകരിക്കണമെന്ന് കേരള ഫെമിനിസ്റ്റ് ഫോറം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ചലച്ചിത്ര മേഖലയിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷണവിധേയമാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് കേരള സർക്കാർ പുറത്തു വിടുകയുണ്ടായി.
തുടർന്നുണ്ടായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദിഖ്, കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്ത് എന്നിവർക്ക് സ്ഥാനങ്ങൾ രാജിവെക്കേണ്ടി വന്നു. ഡബ്ലൂ.സി.സി അംഗങ്ങളുടെ സുധീരമായ പോരാട്ടങ്ങളുടെ ഫലം കൂടിയാണിത്. എന്നാൽ ഈ വിഷയത്തിൽ കേരള സർക്കാർ കൈകൊണ്ട നിരുത്തരവാദപരമായ നിലപാട് പ്രതിഷേധാർഹമാണ്.
നാലരവർഷം തുടർനടപടികൾ കൈക്കൊള്ളാതെ, ഈ റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും സർക്കാറിന് ഒഴിഞ്ഞു മാറാനാവില്ല. മാത്രമല്ല, സിനിമ മേഖലയിൽ നിന്നുള്ള ഭരണകക്ഷിയിലെ ഒരു മന്ത്രിയും എം.എൽ.എയും അടക്കമുള്ളവർക്കെതിരെയുള്ള പരാമർശങ്ങൾ റിപ്പോർട്ടിൽ ഉണ്ടോ എന്ന് പൊതു സമൂഹത്തോട് പറയാനുള്ള ധാർമ്മിക ഉത്തരവാദിത്തവും സർക്കാറിനുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുവാനും കേസുകൾ രജിസ്റ്റർ ചെയ്ത് കാലതാമസമില്ലാതെ നീതി നടപ്പാക്കുന്നതിനും അതിവേഗ കോടതികൾ സ്ഥാപിക്കണം. കമ്മിറ്റി റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ള സിനിമ മേഖലക്കായുള്ള ട്രൈബ്യൂണൽ അടിയന്തിരമായി നിലവിൽ വരണം.
കൂടാതെ, എല്ലാ സിനിമ സെറ്റുകളിലും നിയമം അനുശാസിക്കും വിധം അധികാരമുള്ള ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും പരാതി നല്കുന്നത് സുരക്ഷിതമായിരിക്കുമെന്നുമുള്ള അവബോധം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകണം. ചലച്ചിത്ര മേഖലയിലും ഒപ്പം മറ്റു സാഹിത്യ, നാടക, സാംസ്ക്കാരിക മേഖലകളിലാകെ സ്ത്രീകൾക്കു നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ ചെറുക്കാനും ഇല്ലാതാക്കാനുമുള്ള സമഗ്രമായ നയങ്ങളും നിയമനിർമ്മാണങ്ങളും ഉണ്ടാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

