ജസ്റ്റിസ് മോഹൻകുമാർ അന്തരിച്ചു
text_fieldsകൊച്ചി: കേരള ഹൈകോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസും സംസ്ഥാന മനുഷ്യാവകാശ കമീഷൻ മുൻ ആക്ടിങ് ചെയർമാനുമായിരുന്ന ജസ്റ്റിസ് വി.പി. മോഹൻകുമാർ (84) അന്തരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് പനമ്പിള്ളിനഗറിലെ വസതിയിലായിരുന്നു മരണം. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനുശേഷം രവിപുരം പൊതുശ്മശാനത്തിൽ.
1994ൽ കേരള ഹൈകോടതി ജഡ്ജിയായെങ്കിലും അതേവർഷംതന്നെ കർണാടക ഹൈകോടതിയിലേക്ക് സ്ഥലംമാറി. വിരമിക്കുന്നതിന് തൊട്ടുമുമ്പ് 2002 മേയ് 25 മുതൽ കുറച്ചുകാലം കേരള ഹൈകോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് അന്വേഷണ കമീഷനായി പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഓമന മോഹൻകുമാർ. മക്കൾ: ഡോ. സംഗീത കോടോത്ത് (യു.എസ്), ജയേഷ് മോഹൻകുമാർ (ഹൈകോടതി അഭിഭാഷകൻ). മരുമക്കൾ: ഡോ. സുരേഷ് (യു.എസ്), അഡ്വ. വന്ദന മേനോൻ (ഹൈകോടതി അഭിഭാഷക).
കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കുമാരൻ നമ്പ്യാരുടെയും വി.പി. കാർത്യായനിയമ്മയുടെയും മകനാണ്. 1962ൽ എറണാകുളം ഗവ. ലോ കോളജിൽനിന്ന് ബിരുദം നേടിയശേഷം അഭിഭാഷകനായി എൻറോൾ ചെയ്തു. അഡ്വ. ജനറലും പിന്നീട് കേരള ഹൈകോടതി ചീഫ് ജസ്റ്റിസുമായ വി.പി. ഗോപാലൻ നമ്പ്യാർ അമ്മാവനാണ്. അദ്ദേഹത്തിന് കീഴിലായിരുന്നു അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

