ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി
text_fieldsതൃശൂർ: സംസ്ഥാനത്തെ ക്രൈസ്തവ ജനവിഭാഗങ്ങളുടെ വിവിധ മേഖലകളിലുള്ള പിന്നാക്കാവസ്ഥ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തൃശ്ശൂർ അതിരൂപതയാണ് വാർത്താകുറിപ്പിൽ അറിയിച്ചത്.
ജെ.ബി. കോശി കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, ജൂലൈ മൂന്ന് സെൻറ് തോമസ് ദിനം അവധി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൃശൂരിൽ സന്ദർശിച്ച അതിരൂപത പ്രതിനിധി സംഘവുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികാരി ജനറൽ മോൺസിഞ്ഞോർ ജോസ് വല്ലൂരാൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്‍റ് ഡോ. ജോബി തോമസ് കാക്കശ്ശേരി എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. അതിരൂപതയിലെ ഒരു ലക്ഷത്തോളം പേർ ഒപ്പുവെച്ച ഭീമഹരജിയും മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
രണ്ട് ആവശ്യങ്ങളും ഉന്നയിച്ച് ജൂലൈ മൂന്നിന് അതിരൂപതയുടെ നേതൃത്വത്തിൽ തൃശൂർ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു. 200ൽ പരം വരുന്ന ഇടവകകളിൽ അവകാശ ദിനാചരണവും ഒപ്പു ശേഖരണവും നടത്തിയിരുന്നു. അതിന്‍റെ തുടർച്ചയായാണ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടത്.
2023 മെയ് 17ന് സർക്കാറിന് സമർപ്പിച്ച ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ റിപ്പോർട്ട് 14 മാസമായി ഔദോഗികമായി പ്രസിദ്ധീകരിക്കാത്തത് വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.