തൊമ്മച്ചൻ ഓടിമാറിയത് ജീവിതത്തിലേക്ക്; കൺമുമ്പിൽ മറഞ്ഞത് സുഹൃത്തും കുടുംബവും
text_fieldsകൂട്ടിക്കൽ കാവാലിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം. ഒട്ടലാങ്കൽ മാർട്ടിെൻറ ആറംഗകുടുംബമാണ് ഇവിടെ മരിച്ചത്
കൂട്ടിക്കൽ: ''വലിയ സ്ഫോടനശബ്ദം കേട്ടാണ് ഞാൻ ഓടിമാറിയത്. തൊട്ടുപിന്നാലെ മരങ്ങൾ താഴേക്ക് കുലുങ്ങിയിറങ്ങുന്നതായി കണ്ടു. പിന്നീടാണ് മാർട്ടിെൻറ വീടാണ് ആ മരങ്ങൾക്കിടയിൽ എന്നു മനസ്സിലായത്'' -കൂട്ടിക്കൽ കാവാലി ഒട്ടലാങ്കൽ മാർട്ടിെൻറ അയൽവാസിയും സുഹൃത്തുമായ പുളിക്കൽ തൊമ്മച്ചൻ പറഞ്ഞു.
അപകടത്തിൽനിന്ന് തലനാരിഴക്കാണ് തൊമ്മച്ചൻ രക്ഷപ്പെട്ടത്. ഇത്ര വലിയ മഴ പെയ്തിട്ടും മാർട്ടിൻെറ വീടിന്റെ പുറത്ത് ആരെയും കാണാത്തതെന്തേ എന്ന് അന്വേഷിച്ചുചെന്നതായിരുന്നു തൊമ്മച്ചൻ. വീട്ടുമുറ്റത്തെ പ്ലാവിൻ ചുവട്ടിൽ എത്തിയപ്പോഴാണ് പടക്കം പൊട്ടുംപോലെ വലിയ ശബ്ദം കേട്ടത്. എന്താണെന്ന് മനസ്സിലാവാതെ പേടിച്ച് തിരിച്ചോടിയിറങ്ങി. വഴിയിൽ നിന്ന് നോക്കിയപ്പോൾ താൻ നിന്നയിടംപോലുമുണ്ടായിരുന്നില്ല. ഓടിമാറിയതിനാൽ ജീവൻ രക്ഷപ്പെട്ടു. അതുപറയുേമ്പാഴും ദുരന്തക്കാഴ്ചയുടെ വിറയലിലാണ് തൊമ്മച്ചൻ.
മാർട്ടിനും കുടുംബാംഗങ്ങളുമെല്ലാം ദുരന്തസമയത്ത് വീടിനകത്തുണ്ടായിരുന്നു. അതിനുതൊട്ടുമുമ്പാണ് പള്ളിയിലെ വികാരിയച്ചൻ മാർട്ടിനെ വിളിച്ചത്. പ്രദേശത്തെല്ലാം വെള്ളം കയറുന്നതിനാൽ എല്ലാവരും പള്ളിയിലേക്ക് വരാൻ അദ്ദേഹം പറഞ്ഞപ്പോൾ ഭക്ഷണം കഴിച്ചശേഷം എത്താമെന്ന് മാർട്ടിൻ പറഞ്ഞു. എന്നാൽ, പിന്നീടെത്തിയത് ആ കുടുംബത്തിന്റെ ദുരന്തവാർത്തയാണ്. മാർട്ടിനും ക്ലാരമ്മക്കും കോവിഡ് ബാധിച്ചതിനാൽ ഇവർ പുറത്തിറങ്ങിയിരുന്നില്ല. കാഞ്ഞിരപ്പള്ളിയിൽ പെയിൻറ് കടയിലാണ് മാർട്ടിന് ജോലി. സിനി ആടുകൾ വളർത്തിയാണ് വീട് നോക്കിയിരുന്നത്. 25 ആടുകൾ ഇവർക്കുണ്ടായിരുന്നു. ബാക്കിയായത് മൂന്ന് ആടുകൾ മാത്രം.
ഇൗ മൂന്ന് ആടുകൾ ഉടമസ്ഥർ നഷ്ടപ്പെട്ടതറിയാതെ പുരയിടത്തിലൂടെ മേഞ്ഞു നടക്കുന്നു. ദുരന്തത്തിൽ ആട്ടിൻകൂടും ബാക്കിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

