‘നമുക്ക് നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടു, അല്ലാഹുവിന്റെ വിധിയോടെ മോൻ പോയി... ഇനിയാർക്കും ഇത് സംഭവിക്കരുത്...’ -മരിച്ച ജുനൈദിന്റെ ബന്ധുക്കൾ
text_fieldsജുനൈദിന്റെ ബന്ധുക്കൾ മാധ്യമങ്ങളോട് സംസാരിക്കുന്നു. ഉൾച്ചിത്രത്തിൽ ഷോക്കേറ്റ് മരിച്ച ജുനൈദ്
തിരൂരങ്ങാടി (മലപ്പുറം): ഇനിയാർക്കും ഇങ്ങനെയൊരു അവസ്ഥ സംഭവിക്കരുതെന്ന് മലപ്പുറം തിരൂരങ്ങാടിയിൽ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ച ജുനൈദി(14)ന്റെ ബന്ധുക്കൾ. തങ്ങൾക്ക് നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടുവെന്നും കുട്ടികൾ എപ്പോഴും കളിക്കാൻ വരുന്ന ഈ സ്ഥലത്ത് ഇനിയാർക്കും അപകടം സംഭവിക്കാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു..
‘അവിടെ കെഎസ്ഇബിക്ക് ഒരുപാട് അനാസ്ഥ ഉണ്ടായിട്ടുണ്ട്. 10 വർഷം മുന്നേ ഇങ്ങനെ ഒരു സംഭവം അവിടെ നടന്നിരുന്നു. അന്ന് തന്നെ ഇതിന് പരിഹാരം കാണേണ്ടതായിരുന്നു. അവിടെയുള്ള അവസ്ഥകളൊക്കെ കണ്ടല്ലോ. സ്റ്റേ വയറിൽനിന്നാണ് ഷോക്കടിച്ചത്. അതാണ് വലിയൊരു അനാസ്ഥ. ആറു മാസം മുന്നേ അതിന് പരാതി കൊടുത്തവരുണ്ട്.
നമുക്ക് നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടു. അല്ലാഹുവിന്റെ വിധിയോടെ മോൻ പോയി. അവിടെ കുട്ടികൾ എപ്പോഴും കളിക്കാനും മറും വരുന്ന സ്ഥലമാണ്. ഇനിയാർക്കും ഇത് സംഭവിക്കാതിരിക്കാൻ മുൻകരുതൽ എടുക്കണം. അതിന് ശാശ്വതമായ പരിഹാരം കാണണം എന്നാണ് പറയാനുള്ളത്. നമുക്ക് നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടു. ഇനി നമുക്ക് പ്രാർത്ഥിക്കാം എന്നുമാത്രം. അത്രയേ ഇതിനെക്കുറിച്ച് പറയാനുള്ളൂ.
സംഭവത്തിൽ നിയമനടപടി സ്വീകരിക്കണം. കെഎസ്ഇബിക്ക് വീഴ്ചയുണ്ടായതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടക്കട്ടെ. ഇനി മറ്റുള്ളവർക്ക് ഇങ്ങനെ ഒരവസ്ഥ വരരുത്. മദ്റസയിൽ ആയാലും സ്കൂളിൽ ആയാലും പഠനത്തിലും പഠനേതര വിഷയത്തിലും മികവുള്ള മോനാണ്. അതിലൊക്കെ നല്ല ഉഷാറാണ്. മദ്റസയിലോ സ്കൂളിലോ ലീവ് ആക്കാറില്ല. ദഫ് മുട്ട് മത്സരത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. ഇന്ന് സ്കൂൾ കലോത്സവത്തിന്റെ പരിപാടികളൊക്കെ നടക്കുകയാണ്....’ -ബന്ധുക്കൾ പറഞ്ഞു.
ചെറുമുക്ക് വെസ്റ്റ് എറപ്പറമ്പൻ ശിഹാബ്-അസീന ദമ്പതികളുടെ രണ്ടാമത്തെ മകനാണ് മരിച്ച ജുനൈദ്. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയും ചെറുമുക്ക് സുന്നത്ത് നഗർ മമ്പഉൽ ഉലൂം മദ്രസ പത്താം തരം വിദ്യാർഥിയുമാണ്.
ഞായറാഴ്ച രാവിലെ പത്തരയോടെ ചെറുമുക്ക് വെസ്റ്റിലെ ആമ്പൽ പാടത്തായിരുന്നു ദാരുണമായ സംഭവം. രാവിലെ മദ്റസ പഠനം കഴിഞ്ഞ് വീട്ടിലെത്തി ചായ കുടിച്ച ശേഷം ജുനൈദും നാല് സുഹൃത്തുക്കളും ചേർന്ന് പാടത്ത് കൃഷിക്കായി ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നത് കാണാൻ പോയതായിരുന്നു. സുഹൃത്തുക്കൾ ആദ്യം വയലിലേക്ക് ഇറങ്ങുകയും പിന്നാലെ ജുനൈദ് ഇറങ്ങുകയുമായിരുന്നു.
സുഹൃത്തുക്കളുടെ അടുത്തേക്ക് നടന്നുപോകുന്നതിനിടെ വയലിൽ കാൽവഴുതി വീണ ജുനൈദ് തൊട്ടടുത്ത വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ പിടിച്ചതോടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ജുനൈദിന്റെ നിലവിളി കേട്ട് ഓടിയെത്തിയ സുഹൃത്തുക്കൾ ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ ചേർന്ന് ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ മരണത്തിന് കാരണം കെ.എസ്.ഇ.ബിയുടെ ഗുരുതരമായ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. വൈദ്യുത പോസ്റ്റിലെ സ്റ്റേ കമ്പിയുടെ ഒരു ഭാഗം അലൈന്‍മെന്റ് തെറ്റി ഹൈവോള്‍ട്ടേജ് ലൈനില്‍ തൊട്ടുനില്‍ക്കുന്ന നിലയിലായിരുന്നുവെന്നും ഇതേക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരൂരങ്ങാടി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് നിർദേശം നൽകി.
സംഭവത്തിൽ കെഎസ്ഇബിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനും വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായി കിടക്കുന്നതും അറ്റകുറ്റപ്പണികൾ നടത്താത്തതുമായ വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.

