ജുഡീഷ്യൽ സിറ്റി: 2014ലെ നിരക്കിൽ ഭൂമി നൽകാനാവില്ലെന്ന് എച്ച്.എം.ടി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: കളമശ്ശേരി ജുഡീഷ്യൽ സിറ്റി പദ്ധതിക്ക് 2014ലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി കൈമാറുന്നതിൽ എതിർപ്പുമായി പൊതുമേഖല സ്ഥാപനമായ എച്ച്.എം.ടി. നിലവിലെ വിപണി മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ 2014ലെ ഭൂമി വില വളരെ കുറവാണെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എച്ച്.എം.ടി അറിയിച്ചു.
പദ്ധതിക്ക് 27 ഏക്കർ ഏറ്റെടുക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ കഴിഞ്ഞ നവംബറിൽ അപ്പീൽ നൽകിയിരുന്നു. ഇതിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വിപണി വിലയുമായി ബന്ധപ്പെട്ട എതിർപ്പ് എച്ച്.എം.ടി വ്യക്തമാക്കിയത്. നടപടിക്രമങ്ങൾ പാലിക്കാതെ ഭൂമി ഏറ്റെടുക്കുന്നതിൽനിന്ന് സർക്കാറിനെ വിലക്കണം. ഭൂപരിഷ്കരണ നിയമത്തിൽനിന്ന് ഒഴിവാക്കിയ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഭൂപരിഷ്കരണ നിയമപ്രകാരം എച്ച്.എം.ടി ഭൂമി ഏറ്റെടുക്കാൻ സാധിക്കില്ലെന്നായിരുന്നു 2014ലെ സുപ്രീംകോടതി ഉത്തരവ്. ഇതിനെതിരെ 2016ൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തൽസ്ഥിതി തുടരാനായിരുന്നു ഉത്തരവ്. ഇതിൽ ഭേദഗതി ആവശ്യപ്പെട്ടാണ് സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. ഹൈകോടതി മന്ദിരം ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിക്കായി എച്ച്.എം.ടി ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയത്. 12 ലക്ഷത്തിലധികം ചതുരശ്ര അടിയുള്ള കെട്ടിടമടക്കം നിർമിക്കാനായിരുന്നു തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

