പ്രോസ്‌റ്റേറ്റ് ഗ്രന്ഥി ശസ്ത്രക്രിയകള്‍ പരാജയം: കർഷകന് 8.25 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsപത്തനംതിട്ട: വയറുവേദനക്ക് ചികിത്സ തേടിയ കര്‍ഷകന്‍റെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിക്ക് ശസ്ത്രക്രിയകള്‍ നടത്തുകയും അത് പരാജയപ്പെടുകയും ചെയ്തുവെന്ന പരാതിയില്‍ അടൂര്‍ മൗണ്ട് സിയോൺ മെഡിക്കൽ കോളജ് മാനേജ്മെന്റും ഡോക്ടറും ചേര്‍ന്ന് രോഗിക്ക് 8.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്‍റെ വിധി. ഏഴംകുളം പാറയില്‍ വീട്ടില്‍ സത്യാനന്ദന്‍ നൽകിയ പരാതിയിലാണ് ആശുപത്രിക്കും ശസ്ത്രക്രിയ നടത്തിയ ഡോ. നവീന്‍ ക്രിസ്റ്റഫറിനെതിരെയും ഉത്തരവ്. വയറു വേദനയുമായിട്ടാണ് സത്യാനന്ദന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
യൂറോളജിസ്റ്റായ ഡോ. നവീന്‍ ക്രിസ്റ്റഫര്‍ പരിശോധന നടത്തി പ്രോസ്‌റ്റേറ്റ് ഗ്ലാന്‍ഡിന് വലുപ്പം കൂടിയതിനാല്‍ ഉടൻ ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞു. വേണ്ടത്ര പരിശോധന കൂടാതെ തിടുക്കപ്പെട്ട് നടത്തിയ ശസ്ത്രക്രിയ കാരണം മൂത്രം തുടര്‍ച്ചയായി പോകുന്ന അവസ്ഥയായി. ഇതിന് പരിഹാരത്തിന് ഡോക്ടര്‍ രണ്ടാമത് നടത്തിയ ശസ്ത്രക്രിയയും ഫലം കണ്ടില്ല. തുടർ ശസ്ത്രക്രിയകൾ പരാജയപ്പെട്ടതോടെ വിദഗ്ധ ചികിത്സക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് നിർദേശിച്ചു.
ശസ്ത്രക്രിയകൾ പരാജയമാണെന്നും ഇനിയും ഒന്നു കൂടി നടത്തി കൃത്രിമ അവയവം വെച്ചുപിടിപ്പിച്ചെങ്കില്‍ മാത്രമേ പൂര്‍വസ്ഥിതിയില്‍ ആകൂവെന്നും ഇതിന് എട്ട് ലക്ഷം രൂപ ചെലവാകുമെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. വേണുഗോപാൽ അറിയിച്ചു. കൃഷിക്കാരനായ തനിക്ക് ഒരിക്കൽക്കൂടി ശസ്ത്രക്രിയ നടത്താന്‍ സാമ്പത്തികശേഷി ഇല്ലെന്ന് ചൂണ്ടിക്കാട്ടി സത്യാനന്ദൻ ജില്ല ഉപഭോക്തൃഫോറത്തെ സമീപിച്ചു. ഇപ്പോഴും മൂത്രം പോകാന്‍ ട്യൂബ് ഇട്ടിരിക്കുകയാണെന്നും തെളിയിച്ചിരുന്നു.
വിചാരണവേളയില്‍ പത്തനംതിട്ട ഡി.എം.ഒയുടെ അന്വേഷണ റിപ്പോര്‍ട്ടും സത്യാനന്ദന്‍ ഹാജരാക്കി. ഡോക്ടര്‍ക്ക് വേണ്ടത്ര യോഗ്യത ഇല്ലെന്നും പരിശോധനകള്‍ കൂടാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. കർഷകൻ ജീവിതകാലം മുഴുവന്‍ ദുരിതപൂര്‍ണമായ ജീവിതം തുടരേണ്ടി വന്നതിൽ ഡോക്ടര്‍ മാത്രം നാലുലക്ഷം രൂപയും ഡോക്ടറും ആശുപത്രിയും ചേര്‍ന്ന് നാലുലക്ഷം രൂപയും കോടതി ചെലവിലേക്കായി 25,000 രൂപയും കൊടുക്കാന്‍ ഫോറം ഉത്തരവിട്ടു. ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ പ്രസിഡന്‍റ് ബേബിച്ചന്‍ വെച്ചൂച്ചിറ, മെംബര്‍മാരായ എന്‍. ഷാജിതാബീവി, നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്. ഇരുഭാഗത്തിന്‍റെയും തെളിവുകളും മൊഴികളും പരിശോധിച്ചാണ് ഫോറം വിധി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

