Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിന്റെ കള്ളക്കഥയിൽ...

പൊലീസിന്റെ കള്ളക്കഥയിൽ പെട്ടുപോയത് അവധിക്ക് നാട്ടിലെത്തിയ പ്രവാസി, 54 ദിവസം ജയിൽവാസം, നിയമപോരാട്ടത്തിന് ഒടുവിൽ താജുദ്ദീന് നീതി

text_fields
bookmark_border
പൊലീസിന്റെ കള്ളക്കഥയിൽ പെട്ടുപോയത്  അവധിക്ക് നാട്ടിലെത്തിയ പ്രവാസി, 54 ദിവസം ജയിൽവാസം, നിയമപോരാട്ടത്തിന് ഒടുവിൽ താജുദ്ദീന് നീതി
cancel
camera_alt

താജുദ്ദീൻ

ചക്കരക്കല്ല് (കണ്ണൂർ): മാലമോഷണക്കേസിൽ നിരപരാധിയായ പ്രവാസിയെ കുടുക്കി ജയിലിലടച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഹൈകോടതി ഉത്തരവിട്ടതോടെ പൊളിഞ്ഞത് പൊലീസിന്റെ കള്ളക്കഥ. കതിരൂർ സ്വദേശി വി.കെ. താജുദ്ദീനാണ് നഷ്‌ടപരിഹാരം നൽകാൻ ഉത്തരവായത്. താജുദ്ദീന് 10 ലക്ഷവും മക്കള്‍ക്കും ഭാര്യക്കും ഓരോ ലക്ഷം രൂപ വീതവും നല്‍കണമെന്നാണ് ഉത്തരവ്.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നടപടി ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് ഹൈകോടതി നിരീക്ഷിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരിൽനിന്ന് നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. താജുദ്ദീൻ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ നിർണായക ഇടപെടൽ ഉണ്ടായത്.

പൊലീസിന്റെ നിരുത്തരവാദിത്തപരമായ നടപടികൾ ആവർത്തിക്കാതിരിക്കാനാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടതെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിവിൽ നടപടികൾ സ്വീകരിക്കുന്നതിന് കീഴ് കോടതിയെ കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമീപിക്കാൻ ഹർജിക്കാർക്ക് ഈ ഉത്തരവ് തടസ്സമാകില്ലെന്നും കോടതി നിരീക്ഷിച്ചു.

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചക്കരക്കൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ബിജു, എ.എസ്.ഐ തുടങ്ങിയ ഉദ്യോഗസ്ഥർ ചേർന്നാണ് താജുദ്ദീനെ മാലമോഷണക്കേസിൽ കുടുക്കിയത്. 2018 ജൂലൈ അഞ്ചിന് പെരളശ്ശേരി പഞ്ചായത്തിലെ ചോരക്കുളം എന്ന സ്ഥലത്തുവച്ച് വീട്ടമ്മയുടെ അഞ്ചരപ്പവൻ മാല മോഷണം പോയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് താജുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്‌തത്. സി.സി.ടി.വി ദൃശ്യങ്ങളിലെ സാദൃശ്യം മാത്രം അടിസ്ഥാനമാക്കിയായിരുന്നു അന്നത്തെ എസ്.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് നടപടി. താനല്ല കുറ്റക്കാരനെന്ന് പലതവണ ആവർത്തിച്ചിട്ടും ചക്കരക്കൽ പൊലീസ് അത് ചെവിക്കൊള്ളാൻ തയാറായില്ല.

കുറ്റം സമ്മതിപ്പിക്കാനായി പൊലീസ് ഇദ്ദേഹത്തെ വലിയ മാനസിക പീഡനങ്ങൾക്ക് ഇരയാക്കുകയും തെളിവെടുപ്പിനായി പലയിടങ്ങളിൽ കൊണ്ടുപോവുകയും ചെയ്തു. താൻ കുടുംബത്തോടൊപ്പം മകളുടെ നിക്കാഹ് ആവശ്യങ്ങൾക്കായി പുറത്തുപോയി വരികയായിരുന്നെന്നും തന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ നിരപരാധിത്വം തെളിയുമെന്നും താജുദ്ദീൻ പൊലീസിനോട് അപേക്ഷിച്ചിരുന്നു. എന്നാൽ, ശാസ്ത്രീയ പരിശോധനകൾക്കോ വിശദ അന്വേഷണത്തിനോ മുതിരാതെ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ കുറ്റവാളിയായി മുദ്രകുത്തുകയായിരുന്നു

മോഷണത്തിന് ഉപയോഗിച്ച ബൈക്കും മാലയും കണ്ടെടുക്കാനുണ്ടെന്ന് കാണിച്ച് പൊലീസ് ജാമ്യാപേക്ഷയെ എതിർത്തതോടെ 54 ദിവസത്തോളം ഇദ്ദേഹത്തിന് റിമാൻഡ് തടവുകാരനായി ജയിലിൽ കഴിയേണ്ടിവന്നു. ഖത്തറിൽനിന്ന് 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു താജുദ്ദീൻ. ജയിലിൽ കിടന്നതു കാരണം ഗൾഫിലെ ജോലി നഷ്ടമായി. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നടത്തിയ നിയമപോരാട്ടത്തിന് ഒടുവിലാണ് ഇപ്പോൾ നീതി ലഭിച്ചിരിക്കുന്നത്.

ജാമ്യം ലഭിച്ചശേഷം തിരികെ ഖത്തറിലേക്ക് പോയെങ്കിലും അവിടെയും താജുദ്ദീനെ കാത്തിരുന്നത് വലിയ പ്രതിസന്ധികളായിരുന്നു. നാട്ടിൽ കേസ് നിലനിൽക്കുന്നതിനാൽ അവിടെയും ജയിലിൽ കിടക്കേണ്ടിവരികയും തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. കൃത്യമായി ഡ്യൂട്ടിക്ക് കയറാത്തതിനെ തുടർന്ന് ഖത്തറിൽ 23 ദിവസമാണ് ജയിലിൽ കഴിയേണ്ടിവന്നത്. ഇത് താജുദ്ദീനെയും കുടുംബത്തെയും വലിയ സാമ്പത്തിക, മാനസിക പ്രതിസന്ധികളിലേക്കും തള്ളിവിട്ടു. സമൂഹത്തിൽനിന്ന് നേരിടേണ്ടി വന്ന അവഗണനയും പേരുദോഷവും ഇവരെ വല്ലാതെ ബാധിച്ചു.

കേസ് നടത്താനായി കുടുംബത്തിന് ഭീമമായ തുകതന്നെ ചെലവഴിക്കേണ്ടി വന്നു. പിന്നീട് കോടതിയുടെ നിർദേശപ്രകാരം കണ്ണൂർ ഡിവൈ.എസ്.പി നടത്തിയ സമാന്തര അന്വേഷണത്തിലാണ് മാലമോഷണക്കേസിലെ യഥാർഥ പ്രതി താജുദ്ദീനല്ലെന്നും മറ്റൊരാളാണെന്നും തെളിഞ്ഞത്. മറ്റൊരു മോഷണക്കേസിൽ പീതാംബരൻ എന്നയാൾ പിടിയിലായതോടെയാണ് യഥാർഥ വിവരങ്ങൾ പുറത്തുവരുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ചക്കരക്കല്ലിലെ മോഷണവും നടത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചത്. ഇതോടെയാണ് താജുദ്ദീന്റെ നിരപരാധിത്വം വ്യക്തമായത്.

പൊലീസ് വരുത്തിവച്ച ഈ വലിയ പിഴവിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താജുദ്ദീൻ കോടതിയെ സമീപിച്ചത്. കേവലം സംശയത്തിന്റെ പേരിൽ ഒരു പൗരനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിൽ വ്യക്തമാക്കി. നഷ്ടപരിഹാരത്തിനൊപ്പം, താജുദ്ദീന് 25,000 രൂപ കോടതി ചെലവായും നൽകാൻ ഉത്തരവുണ്ട്. നിരപരാധിയായ മനുഷ്യനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. നീതി വൈകിയെങ്കിലും പൊലീസിന്റെ അധികാര ദുർവിനിയോഗത്തിനെതിരെയുള്ള ശക്തമായ താക്കീതാണ് ഹൈക്കോടതിയുടെ ഈ വിധിയിലൂടെ വന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceCrime Newscompensationkannur
News Summary - Judgement to pay compensation to Tajuddin: Police's false story debunked
Next Story