ജസ്റ്റിസ് ഷാജി പി. ചാലി വിരമിക്കുന്നു
text_fieldsജ. ഷാജി പി. ചാലി
കൊച്ചി: എട്ടു വർഷത്തിലേറെ നീണ്ട ന്യായാധിപ സേവനം പൂർത്തിയാക്കി ജസ്റ്റിസ് ഷാജി പി. ചാലി കേരള ഹൈകോടതിയുടെ പടിയിറങ്ങുന്നു. വെള്ളിയാഴ്ച ഒന്നാം കോടതിയിൽ നടക്കുന്ന ചടങ്ങിൽ ഫുൾ കോർട്ട് റഫറൻസിലൂടെ യാത്രയയപ്പ് നൽകും.
ഹൈകോടതി അഭിഭാഷക അസോസിയേഷൻ മുൻ പ്രസിഡന്റായ ഷാജി പി. ചാലി 2015 ഏപ്രിൽ പത്തിനാണ് ഹൈകോടതിയിൽ അഡീ. ജഡ്ജിയായത്. 2017 ഏപ്രിൽ അഞ്ചിന് സ്ഥിരം ജഡ്ജിയായി. എറണാകുളം മുളന്തുരുത്തിയിൽ ജനിച്ച ഷാജി എറണാകുളം എസ്.ആർ.വി സ്കൂൾ, മഹാരാജാസ് കോളജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം എറണാകുളം ഗവ. ലോ കോളജിൽനിന്ന് നിയമബിരുദം നേടി. സംസ്ഥാന ഹോക്കി ടീമിൽ അംഗമായിരുന്നു. കേരള, എം.ജി സർവകലാശാല ഹോക്കി ടീമുകളിലെ അംഗവും എം.ജി സർവകലാശാല ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു. ഹൈകോടതി ജഡ്ജിമാരുടെ ക്രിക്കറ്റ് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനൊപ്പം ഡിവിഷൻ ബെഞ്ചിൽ ദീർഘകാലം അംഗമായിരുന്നു. ഈ കാലയളവിൽ ഒട്ടേറെ പൊതുതാൽപര്യ ഹരജികൾ പരിഗണിച്ചു തീർപ്പാക്കിയിട്ടുണ്ട്. ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ടിന്റെ സാമൂഹികാഘാത പഠനത്തിന് അനുമതി, സംയുക്ത ബാങ്ക് ലോക്കർ ഭർത്താവിന്റെ മരണശേഷം ഭാര്യക്ക് കൈകാര്യം ചെയ്യാൻ അനുമതി, ന്യൂനപക്ഷ സ്കോളർഷിപ്പിന് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും അർഹർ തുടങ്ങിയ വിധികളിൽ പങ്കാളിയായിരുന്നു.
പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി ആക്ട്, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം, കെട്ടിട നികുതി നിയമം, ഭൂനികുതി നിയമം തുടങ്ങിയ പ്രാദേശിക നിയമങ്ങളിൽ ഷാജി പി. ചാലിയുടേതായി ഒട്ടേറെ ശ്രദ്ധേയമായ വിധികളുണ്ടായിട്ടുണ്ട്. ഇത്തരം 750ഓളം വിധി നിയമഗ്രന്ഥങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹൈകോടതിയുടെ ചരിത്രത്തിലാദ്യമായി നടത്തിയ ഓൺലൈൻ സിറ്റിങ്ങിനു നേതൃത്വം നൽകിയത് ഷാജി പി. ചാലിയാണ്.