ജഡ്ജി ഹണി എം. വർഗീസിന് സി.പി.എം ബന്ധമെന്ന ഹൈകോടതി പരാമർശം സുപ്രീംകോടതി നീക്കി
text_fieldsന്യൂഡല്‍ഹി: ജഡ്ജി ഹണി എം. വര്‍ഗീസിന് സി.പി.എം ബന്ധമുണ്ടെന്ന ഹൈകോടതി ഉത്തരവിലെ പരാമര്‍ശം സുപ്രീംകോടതി നീക്കി. കിഴക്കമ്പലം ട്വന്റിട്വന്റി പ്രവര്ത്തകന് ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തൃശൂര്‍ കോടതിയിലേക്ക് മാറ്റി ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ജഡ്ജി ഹണി എം. വര്‍ഗീസിന് എതിരായ പരാമര്‍ശമുണ്ടായത്.
ഹണി എം. വർഗീസിന്റെ ഫേസ് ബുക്ക് പോസ്റ്റുകളില്‍ നിന്ന് ജഡ്ജിക്ക് സി.പി.എം അടുപ്പമുണ്ട് എന്ന് ദീപുവിന്റെ അച്ഛന് കുഞ്ഞാരു ഹരജിയില്‍ ആരോപിച്ചിരുന്നു. അതിനാല്‍ ദീപു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ തനിക്ക് നീതിപൂര്‍ണമായ നിലപാട് ജഡ്ജിയില്‍ നിന്ന് ലഭിക്കില്ലെന്നും ഹരജിയിൽ ബോധിപ്പിച്ചു.
തുടർന്ന് ദീപുവിനെ കൊലപ്പെടുത്തിയവരുടെ പാര്‍ട്ടിയുമായി ജഡ്ജി ഹണി എം. വര്‍ഗീസിന് ബന്ധമുണ്ടെന്ന് ഹൈകോടതി ഉത്തരവില്‍ രേഖപ്പെടുത്തി. ജഡ്ജിമാരെ കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ അനുവദനീയമല്ലെന്ന് ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീര്‍, ജെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

