ഹൈകോടതി ജഡ്ജി നിയമനം: കൊളീജിയം ശിപാര്‍ശചെയ്ത 43 പേരുകള്‍ കേന്ദ്രം മടക്കി
text_fieldsന്യൂഡല്‍ഹി: ഹൈകോടതികളില്‍ ജഡ്ജിമാരുടെ നിയമനത്തിന് സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത 77 പേരുകളില്‍ 43 എണ്ണം കേന്ദ്രസര്‍ക്കാര്‍ മടക്കി. 34 ശിപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കിയതായും കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിനു മുന്നില്‍ ബോധിപ്പിച്ചു. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട ഒരു ഫയലും ഇനി കേന്ദ്ര സര്‍ക്കാറിനു മുന്നിലില്ളെന്നും അറ്റോണി ജനറല്‍ വ്യക്തമാക്കി. സര്‍വിസില്‍നിന്ന് വിരമിച്ച ലഫ്. കേണല്‍ അനില്‍ കബോത്ര ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യഹരജിയില്‍ വാദംകേള്‍ക്കവെയാണ് അറ്റോണി ജനറല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.
ജഡ്ജി നിയമനത്തിനുള്ള പുതിയ നടപടിക്രമങ്ങളുടെ മെമ്മോറാണ്ടം കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് കൊളീജിയത്തിന്‍െറ പരിഗണനക്ക് അയച്ചുകൊടുത്തിരുന്നുവെങ്കിലും അതേക്കുറിച്ച് ഒരു പ്രതികരണവും സര്‍ക്കാറിന് ലഭിച്ചിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു. കൊളീജിയം യോഗം ഈ മാസം 15ന് ചേരുന്നുണ്ടെന്ന് ഇതിന് മറുപടിയായി ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസിനു പുറമെ നാലു മുതിര്‍ന്ന ജഡ്ജിമാരും ഉള്‍പ്പെടുന്നതാണ് കൊളീജിയം.
കൊളീജിയം ശിപാര്‍ശയിലെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയത് വിവാദമായിരുന്നു. ജഡ്ജിമാരുടെ കുറവ് കാരണം കോടതികള്‍ പൂട്ടേണ്ട സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകുന്നതിലെ കടുത്ത എതിര്‍പ്പ് നേരത്തേ പ്രകടിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ച പട്ടികയിലെ 43ല്‍ 27 ജഡ്ജിമാര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണെന്ന പ്രത്യേകതയുണ്ട്. ഇവരെ ആറ് ഹൈകോടതികളില്‍ നിയമിക്കാനായിരുന്നു കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നത്.പേരുകള്‍ തിരിച്ചയച്ചത് ചില വിശദീകരണം ആവശ്യമുള്ളതുകൊണ്ടാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
