മകൾക്ക് മുമ്പിൽ തോൽക്കില്ലെന്ന് ജോയ്സ്നയുടെ അച്ഛൻ
text_fieldsകൊച്ചി: മകൾക്ക് മുമ്പിൽ തോൽക്കില്ലെന്ന് ജോയ്സ്നയുടെ പിതാവ്. കഴുകന്മാരുടെ ഇടയിലേക്ക് നമ്മുടെ മക്കൾ ഇനിയും കടന്നു പോകുവാൻ പാടില്ല. അതിന് മാതാപിതാക്കൾ ശ്രദ്ധിക്കണം. എന്‍റെ അവസ്ഥ മറ്റാർക്കും ഉണ്ടാവരുത്. തന്നെ കാണാൻ താൽപര്യമില്ലെന്ന മകളുടെ നിലപാടിനോട് ഒന്നും പറയാനില്ലെന്നും പിതാവ് വ്യക്തമാക്കി. കോടഞ്ചേരിയിലെ വിവാദ വിവാഹം സംബന്ധിച്ച ഹേബിയസ് കോർപസ് ഹരജി ഹൈകോടതി തീർപ്പാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടഞ്ചേരിയിലെ വിവാഹ വിവാദത്തിൽ ജോയ്സ്നയുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹരജി ഹൈകോടതി തീർപ്പാക്കിയിരുന്നു. പെൺകുട്ടി അനധികൃതമായി കസ്റ്റഡിയിലാണെന്ന് പറയാനാവില്ലെന്നും സ്വന്തമായി തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് ഹരജി തീർപ്പാക്കിയത്.
വീട്ടുകാരോട് സംസാരിക്കാൻ താൽപര്യമില്ലെന്നും ഭർത്താവ് ഷെജിനൊപ്പം കഴിയാനാണ് താൽപര്യമെന്നും ജോയ്സ്ന വ്യക്തമാക്കി. ജോയ്സ്ന രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്നും അത് അനുവദിക്കരുതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഇക്കാര്യത്തിൽ ഇടപെടാൻ കോടതിക്ക് പരിമിതിയുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
26കാരിയായ ജോയ്സ്നക്ക് ആവശ്യത്തിന് ലോകപരിചയമുണ്ടെന്നും വിദേശത്ത് ജോലി ചെയ്തതും കോടതി നിരീക്ഷിച്ചു. ജോയ്സ്നയും ഷെജിനും സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായതും കോടതി ചൂണ്ടിക്കാട്ടി. ഇതിനാൽ, അനധികൃത കസ്റ്റഡിയിലാണെന്ന മാതാപിതാക്കളുടെ വാദം നിലനിൽക്കില്ലെന്നും ഹരജി തീർപ്പാക്കിക്കൊണ്ട് കോടതി വ്യക്തമാക്കി.
ഡി.വൈ.എഫ്.ഐ നേതാവ് ഷെജിന്റെയും ജോയ്സ്നയുടെയും പ്രണയ വിവാഹം വിവാദമാകുകയും ചില കേന്ദ്രങ്ങൾ ലൗ ജിഹാദ് ആരോപണം ഉയർത്തുകയും ചെയ്തിരുന്നു. വിവാഹം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു.
സഭ മാതാപിതാക്കളുടെ ആശങ്കക്കൊപ്പം -മാർ ജോസഫ് പാംപ്ലാനി
കണ്ണൂർ: മതാന്തര വിവാഹങ്ങളെല്ലാം ലവ് ജിഹാദാണെന്ന് കരുതുന്നില്ലെന്ന് തലശ്ശേരി അതിരൂപത നിയുക്ത ആർച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ക്രിസ്ത്യൻ പെൺകുട്ടികൾ ഇതര മതസ്ഥരെ വിവാഹം കഴിക്കുന്നതിനുപിന്നിൽ ഏതെങ്കിലും ഒരു മതവിഭാഗം ആസൂത്രിത ഇടപെടൽ നടത്തുന്നില്ല. ഇസ്ലാം, ക്രിസ്തു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമല്ല ഇതെന്നും മാർ ജോസഫ് പാംപ്ലാനി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ, തിരുവമ്പാടി മിശ്ര വിവാഹത്തിൽ മാതാപിതാക്കളുടെ ആശങ്കക്കൊപ്പമാണ് സഭയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷിപ്ത താൽപര്യക്കാരാണ് ഇതിനു പിന്നിലുള്ളത്. അന്വേഷണ ഏജൻസികൾ ഇക്കാര്യംകൂടി പരിഗണിക്കണം. ലവ് ജിഹാദിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തണം. തീവ്രവാദ സംഘടന പ്രണയത്തിന്റെ പേരിൽ ചതിക്കുഴികൾ ഒരുക്കിയിട്ടുണ്ട്. തീവ്രവാദ സംഘടന സംഘടിതമായിത്തന്നെ ചില കേന്ദ്രങ്ങളിൽ കൊണ്ടുപോയി പെൺകുട്ടികളെ മതം മാറ്റുന്നു. സഭ ഔദ്യോഗികമായി, മതം മാറ്റിയവരുടെ ലിസ്റ്റ് പുറത്തുവിടേണ്ട കാര്യമില്ല. ഇക്കാര്യത്തിലെ എൻ.ഐ.എ അന്വേഷണം പ്രഹസനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

