മാതാപിതാക്കളെ പോയി കാണും, കാര്യങ്ങൾ ബോധ്യപ്പെടുത്തും -ജോയ്സ്ന
text_fieldsകൊച്ചി: മാതാപിതാക്കളെ താനും ഷെജിനും ഒരുമിച്ച് പോയി കാണുമെന്നും കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും ജോയ്സ്ന. ഷെജിന്‍റെ കൂടെ പോകാനാണ് ആഗ്രഹിച്ചത്. സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും അക്കാര്യം തന്നെയാണ് കോടതി വ്യക്തമാക്കിയതെന്നും ജോയ്സ്ന പറഞ്ഞു. പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹരജി ഹൈകോടതി തീർപ്പാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
മാതാപിതാക്കളോട് ഞങ്ങൾ രണ്ടുപേരും പോയി സംസാരിച്ച് കാര്യങ്ങൾ മനസിലാക്കിയെടുക്കും. ഈയൊരു സാഹചര്യത്തിൽ പറഞ്ഞാൽ അവർക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല. ഏതൊരു മാതാപിതാക്കൾക്കും വിഷമമുണ്ടാകും. അതിൽ മക്കളെന്ന നിലയിൽ ഞങ്ങൾക്കും വിഷമമുണ്ട്. ഇത് കേൾക്കുന്നവർ എന്നെ കുറിച്ച് എന്താണ് പ്രതികരിക്കുന്നതെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.
കോടതിയിൽ എന്‍റെ തീരുമാനം പറഞ്ഞു. ഇഷ്ടമുള്ള വ്യക്തിയുടെ കൂടെയാണ് പോകുന്നത്. മാതാപിതാക്കളെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുക തന്നെ ചെയ്യും -ജോയ്സ്ന പറഞ്ഞു.
കോടതിവിധി അനുകൂലമാകുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ഷെജിൻ പറഞ്ഞു. എസ്.ഡി.പി.ഐ ക്യാമ്പിലേക്കാണ് ജോയ്സ്നയെ കൊണ്ടുപോകുന്നത് എന്ന് പ്രചരിപ്പിക്കാൻ ജനം ടി.വി ശ്രമിച്ചതായി ഷെജിൻ ആരോപിച്ചു. ഇത്തരം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം നടന്നു. ഞാൻ ഒരു മതവിശ്വാസിയല്ല. ജോയ്സ്ന ക്രിസ്ത്യൻ മതവിശ്വാസിയാണ്. അത് അവളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ കൈകടത്താൻ ഉദ്ദേശിക്കുന്നില്ല. ഞാൻ എന്‍റെ ബോധ്യത്തിനനുസരിച്ചും ജോയ്സ്ന അവളുടെ മതവിശ്വാസത്തിനനുസരിച്ചും ജീവിക്കും -ഷെജിൻ വ്യക്തമാക്കി.
ജോയ്സ്ന അനധികൃതമായി കസ്റ്റഡിയിലാണെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് ജോയ്സ്നയുടെ പിതാവ് നൽകിയ ഹരജി തീർപ്പാക്കിയത്. ഹരജി പരിഗണിക്കവേ ജോയ്സ്നയുടെ അഭിപ്രായം കോടതി തേടി. ഭർത്താവ് ഷിജിനൊപ്പം കഴിയാനാണ് താൽപര്യമെന്ന് ജോയ്സ്ന വ്യക്തമാക്കി. ജോയ്സ്ന രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്നും അത് അനുവദിക്കരുതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഇക്കാര്യത്തിൽ ഇടപെടാൻ കോടതിക്ക് പരിമിതിയുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
26കാരിയായ ജോയ്സ്നക്ക് ആവശ്യത്തിന് ലോകപരിചയമുണ്ടെന്നും വിദേശത്ത് ജോലിചെയ്തതും കോടതി നിരീക്ഷിച്ചു. ജോയ്സ്നയും ഷെജിനും സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായതും കോടതി ചൂണ്ടിക്കാട്ടി. ഇതിനാൽ, അനധികൃത കസ്റ്റഡിയിലാണെന്ന മാതാപിതാക്കളുടെ വാദം നിലനിൽക്കില്ലെന്നും ഹരജി തീർപ്പാക്കിക്കൊണ്ട് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

