ചാനൽ ചർച്ചകളിൽ മാധ്യമപ്രവർത്തകർക്ക് രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാം; എന്നാൽ, വംശീയ മുൻവിധികൾ പ്രകടിപ്പിക്കുന്നത് ഗുരുതര തെറ്റ്: അഡ്വ. ഷിബു മീരാൻ
text_fieldsതിരുവനന്തപുരം: ചാനൽ ചർച്ചകളിൽ മാധ്യമപ്രവർത്തകർ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെങ്കിലും വംശീയ മുൻവിധികളും വിദ്വേഷവും പ്രകടിപ്പിക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് മുസ്‍ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ. ബിഗ് ടിവി ചാനൽ ചർച്ചയിൽ മാധ്യമപ്രവർത്തക അപർണ കുറുപ്പ് പ്രകടിപ്പിച്ചത് പച്ചയായ വംശീയ വിദ്വേഷമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചർച്ച ചെയ്യപ്പെട്ട വിഷയത്തിന്റെ മെറിറ്റുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് അവതാരക പരാമർശിച്ചത്. ഇസ്ലാമിന്റെ സാങ്കേതിക പദങ്ങളെക്കുറിച്ച് പ്രാഥമിക അറിവുപോലുമില്ലാതെ ഇത്തരം പരാമർശങ്ങൾ നടത്തിയതിന് പിന്നിൽ മുമ്പ് ജോലി ചെയ്തിരുന്ന ചാനലിന്റെ കടുത്ത ഇസ്‍ലാം മോഫോബിക് അജണ്ടകളുടെ ഹാങ്ങ്‌ഓവറാണെന്നും ഷിബു മീരാൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
മുൻകൂർ ജാമ്യം എടുത്തു വെച്ചിട്ടാണോ ചാനൽ ചർച്ചകൾക്ക് പോകേണ്ടത് എന്ന ചോദ്യമാണ് ഇത്തരം സംഭവങ്ങൾ ഉയർത്തുന്നത്. ചർച്ചയിലെ ദൃശ്യങ്ങൾ പബ്ലിക് ഡോമൈനിൽ ലഭ്യമായ രീതിയിൽ ഉപയോഗിച്ച് സ്വന്തം നിലപാട് വിശദീകരിക്കുക മാത്രമാണ് വിസ്ഡം നേതാവ് ഡോ. അബ്ദുല്ല ബാസിൽ ചെയ്തത്. ആ വിഡിയോ പരിശോധിച്ചാൽ അധിക്ഷേപകരമായ യാതൊന്നും അദ്ദേഹം നടത്തിയിട്ടില്ലെന്ന് ബോധ്യമാകും.
ഗുരുതരമായ വകുപ്പുകൾ ചുമത്തി അദ്ദേഹത്തിനെതിരെ കേസെടുക്കാൻ പോന്ന ഒരു അപരാധവും ബാസിൽ ചെയ്തിട്ടില്ല. അതിനാൽ അബ്ദുല്ല ബാസിലിനെതിരായ പോലീസ് നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് അഡ്വ. ഷിബു മീരാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

